ന്യൂയോർക്ക്: ട്വിറ്റർ സ്ഥാപകൻ ജായ്ക്ക് ഡോർസി തന്റെ സമ്പത്തിന്റെ നാലിലൊന്ന് കോവിഡിനെതിരായ പ്രവർത്തനങ്ങൾക്കു സംഭാവന ചെയ്തു. 390 കോടി ഡോളർ (29,500 കോടി രൂപ) ആണ് ഡോർസിയുടെ സമ്പത്തായി ബ്ലും ബർഗ് പട്ടികയിൽ പറയുന്നത്. അതിൽ നൂറുകോടി ഡോളർ (7,550 കോടി രൂപ) മൂല്യമുള്ള ഓഹരികളാണു കോവിഡ് ദുരിതാശ്വാസത്തിനായി ഡോർസി സംഭാവന ചെയ്തത്. ഇതു സന്പത്തിന്റെ 28 ശതമാനംവരും.
ഡോർസി 2006-ലാണ് ട്വിറ്റർ തുടങ്ങിയത്. പിന്നീട് സ്ക്വയർ എന്ന പേമെന്റ് കമ്പനി തുടങ്ങി. പേമെന്റിലെ ഓഹരികളിൽ ഒരുഭാഗമാണ് സ്റ്റാർട്ട് സ്മോൾ എന്നൊരു ധർമസ്ഥാപനം ഉണ്ടാക്കി അതിലേക്കു മാറ്റിയത്. 43 വയസുള്ള ഡോർസി പറയുന്നത് കോവിഡ് ദുരിതാശ്വാസം കഴിഞ്ഞാൽ സ്ത്രീവിദ്യാഭ്യാസം പോലുള്ള മേഖലകളിൽ സ്റ്റാർട്ട് സ്മോൾ പ്രവർത്തിക്കും എന്നാണ്.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ, ആമസോൺ ഉടമ ജെഫ് ബെസോസ് കോവിഡിന്റെ പേരിൽ നൽകിയ സംഭാവന പത്തുകോടി ഡോളറാണ്. ബെസോസിന്റെ 13,000 കോടി ഡോളർ സമ്പത്തിന്റെ 1300-ൽ ഒരു ഭാഗം!