വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജന്മദിനമായ ജൂണ്‍ 14 ന് റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയും തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈൻ തെരഞ്ഞെടുപ്പു ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി 14 മില്യൻ ഡോളർ ലഭിച്ചതായി ആർഎൻസിയുടെ പ്രസ്താവനയിൽ പറയുന്നു. ഇതു സർവകാല റിക്കാർഡാണ്.
2016 ഒക്ടോബറിൽ നടത്തിയ ഓണ്‍ലൈൻ ഫണ്ട് കളക്ഷന്‍ ആകെ ലഭിച്ചത് 10 മില്യൻ ഡോളറായിരുന്നു. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 225 മില്യൻ ഡോളർ ലഭിച്ചപ്പോൾ ഡമോക്രാറ്റിക് സ്ഥാനാർഥി ബൈഡന് ലഭിച്ചത് 100 മില്യൻ ഡോളറാണ്. ജൂണ്‍ 14 ന് 74ാം വയസ്സിലേക്ക് പ്രവേശിച്ച ട്രംപിന് ഓണ്‍ലൈനിലൂടെ ശരാശരി 46 ഡോളർ വീതമാണ് ഗിഫ്റ്റായി ലഭിച്ചത്.
കഴിഞ്ഞ വർഷം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ 25 മില്യണ്‍ പിരിക്കാൻ കഴിഞ്ഞതായി മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ കമ്മി വക്താവ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജൊ ബൈഡനെ, ട്രംപ് ബഹുദൂരം പിന്നിലാക്കിയെങ്കിലും നാഷണൽ പോളിംഗിൽ ജോ ബൈഡനാണ് ഇതുവരെ മുൻതൂക്കം ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പു അടുക്കുന്നതോടെ ഡോണൾഡ് ട്രംപ് പ്രചലരണത്തിലും സർവേകളിലും മുൻപിൻ എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.