അർക്കൻസാസ് ∙ അർക്കൻസാസ് സംസ്ഥാനത്തിലെ എല്ലാവരും ‘ട്രംപ് വാക്സീൻ’ സ്വീകരിക്കണമെന്ന അഭ്യർഥനയുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കബി. മാസങ്ങൾക്കു മുമ്പു തന്നെ താൻ ‘ട്രംപ് വാക്സീൻ’ സ്വീകരിച്ചതായി ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ സാറാ അവകാശപ്പെട്ടു.
അർക്കൻസാസ് സംസ്ഥാനത്തിലെ 36 ശതമാനം മാത്രമാണ് ഇതുവരെ പൂർണമായും വാക്സീൻ സ്വീകരിച്ചിട്ടുള്ളത്. 11.34 ശതമാനമാണ് ഇപ്പോൾ ഇവിടെ പോസിറ്റീവ് റേറ്റ് എന്ന ജോൺസ് ഹോപ്കിൻസ് പഠന റിപ്പോർട്ടിൽ പറയുന്നു. ട്രംപിന്റെ വാക്സീനെ ദുർവ്യാഖ്യാനം ചെയ്യുന്ന പ്രസിഡന്റ് ബൈഡൻ, കമല ഹാരിസ്, ആന്റണി ഫൗച്ചി എന്നിവരെ സാറ ഹക്കബി നിശിതമായി വിമർശിച്ചു.
ട്രംപാണ് വാക്സീൻ കണ്ടെത്താൻ മുൻകൈ എടുത്തതും അതിന് ആവശ്യമായ യുദ്ധകാലാടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ നൽകിയതെന്നും സാറാ പറഞ്ഞു. അർക്കൻസാസ് ഗവർണർ സ്ഥാനത്തേക്ക് ട്രംംപിന്റെ അനുഗ്രഹാശിസുകളോടെയാണ് സാറാ ഹക്കബി മത്സര രംഗത്തെത്തിയിരിക്കുന്നത്.
അർക്കൻസാസിലെ കോവിഡ് മരണവും, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിക്കുന്നതു വാക്സിനേറ്റ് ചെയ്യാത്തതിനാലാണെന്നും ഇവർ പറഞ്ഞു. പൗരന്മാരുടെ സുരക്ഷിതത്വത്തിനു വാക്സിനേഷൻ സ്വീകരിക്കണമെന്നും ഇവർ നിർദേശിച്ചു. ‘ട്രംപിന്റെ വാക്സീൻ’ കോവിഡിനെതിരെ ഫലപ്രദമാണെന്നും ഇവർ ചൂണ്ടികാട്ടി.
പി. ആര്‍. ചെറിയാന്‍