ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. വനിതകളുടെ 69 കിലോഗ്രാം ബോക്സിങില്‍ ജര്‍മ്മനിയുടെ നദീന്‍ അപേറ്റ്സിനെ കീഴടക്കി ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സ്കോര്‍ 3-2. അസമില്‍ നിന്ന് ഒളിമ്പിക്സില്‍ മത്സരിക്കുന്ന ആദ്യ വനിതാ അത്ലറ്റാണ് ലോവ്ലിന ബോര്‍ഗോഹൈന്‍. ഇതോടെ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി നേടാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ആരാധകര്‍.
അതേസമയം, ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഇന്ന് തിരിച്ചടിയുടെ ദിനങ്ങളാണ്. 10 മീറ്റര്‍ മിക്‌സഡ് എയര്‍ പിസ്റ്റല്‍ ഷൂട്ടിങില്‍ മെഡല്‍ കാണാതെ ഇന്ത്യ പുറത്തായി. ഏഴാമതായാണ് മനു ഭാക്കര്‍ – സൗരവ് ചൗധരി സഖ്യം മത്സരം അവസാനിപ്പിച്ചത്. മനു ഭാക്കറിന്റെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ യോഗ്യതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്ന പ്രധാന ഇനമായിരുന്നു ഇത്.
നേരത്തെ, മെഡല്‍ പ്രതീക്ഷകളുമായി നീന്തല്‍ കുളത്തിലിറങ്ങിയ മലയാളി താരം സജന്‍ പ്രകാശ് സെമി കാണാതെ പുറത്താ. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച സജന്‍ 1:57:22 സെക്കന്റില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഞ്ച് ഹീറ്റ്സിലുമായി ആദ്യ 16 പേര്‍ക്ക് മാത്രം സെമി ഫൈനല്‍ സാധ്യതയുണ്ടായിരുന്ന ഇനത്തില്‍ സജന് ഇരുപത്തിനാലാം സ്ഥാനമാണ് ലഭിച്ചത്.