ഫോർട്ട്‌വർത്ത് ∙ തിങ്കളാഴ്ച പുലർച്ചെ ഫോർട്ട്‌വർത്ത് ബ്രയാന്റ് ഇർവിങ് റോഡിലെ വീടിനു പുറകിൽ പാർട്ടി നടത്തിയിരുന്നവർക്കു നേരെ വെടിവച്ചയാളെ ജനകൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി. ഇയാൾ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും, പാർട്ടിയിൽ പങ്കെടുത്തിരുന്ന നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു. മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി തുടങ്ങിയ പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന പ്രതി എന്തോ പ്രശ്നത്തെ തുടർന്ന് പുറത്തു പോകുകയും, മറ്റൊരാളുമായി വീണ്ടും പാർട്ടിയിലെത്തുകയും ചെയ്തു. തുടർന്നാണ് ഇയാൾ ആളുകൾക്കു നേരെ വെടിയുതിർത്തത്. വെടിയുതിർത്തശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പാർട്ടിയിൽ പങ്കെടുത്തവർ പിന്തുടർന്നു. ഇവർക്കു നേരേയും ഇയാൾ വെടിയുതിർത്തു. ഇതിൽ പ്രകോപിതരായി ജനകൂട്ടം കയ്യിൽ കിട്ടിയ കല്ലെടുത്തു പ്രതിക്കു നേരെ എറിയുകയായിരുന്നു. പൊലീസ് മരണം സ്ഥിരീകരിച്ചുവെങ്കിലും, മരണ കാരണം വെളിപ്പെടുത്തിയില്ല. സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായും ഫോർട്ട്‍വർത്ത് പൊലീസ് പറഞ്ഞു.

പാർട്ടിയിൽ പങ്കെടുത്തവർ പരസ്പരം പരിചയമുള്ളവരാണെന്നും ആരുടെയും പേരുവിവരം ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും ആരുടെയും പേരിൽ കേസ് ചാർജ് ചെയ്തിട്ടില്ലെന്നും ഫോർട്ട്‍വർത്ത് പൊലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് ട്രേയ്‍സി കാർട്ടർ പറഞ്ഞു.

പി. ആര്‍. ചെറിയാന്‍