പി.പി. ചെറിയാന്‍
ഡാലസ് ∙ ടെക്സസ് സംസ്ഥാനത്തെ ആദ്യ കോവിഡ് വാക്സീൻ മെത്തഡിസ്റ്റ് ഡാലസ് മെഡിക്കൽ സെന്ററിലെ എമർജൻസി റൂം ക്ലീൻ ചെയ്യുന്ന 51 വയസ്സുള്ള തെരേസ്സ മാറ്റക്ക് നൽകിയതായി മെത്തഡിസ്റ്റ് ഹെൽത്ത് സിസ്റ്റം സിഇഒ ജിം സ്ക്കോജിൻ അറിയിച്ചു. നാലു മക്കളുടെ മാതാവാണ് തെരേസ്സ. തിങ്കളാഴ്ചയാണ് കോവിഡ് വാക്സീൻ യുപിഎസ് ട്രക്ക് വഴി രാവിലെ 8.50ന് ആശുപത്രിയിൽ എത്തിച്ചേർന്നത്.

പത്തുമണിയോടെ വാക്സീൻ സ്വീകരിച്ച തെരേസ്സയെ സഹപ്രവർത്തകർ മുൻവശത്തെ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന് അഭിനന്ദിച്ചു. 5850 വാക്സീനാണ് ഇവിടെ എത്തിചേർന്നത്. നൂറോളം ജീവനക്കാർ ആദ്യ ദിവസം തന്നെ വാക്സീൻ സ്വീകരിച്ചു. അടുത്ത ദിവസം ഇരുനൂറിനും മുന്നൂറിനും ഇടയിൽ ജീവനക്കാർക്ക് വാക്സീൻ നൽകും.
ആദ്യ ആഴ്ച ടെക്സസിലേക്ക് 224 250 ഡോസാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഡാലസിലെ പാർലാന്റ് ആശുപത്രി, യുറ്റി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്റർ ഡാളസ് എന്നീ ആശുപത്രികൾ ഉൾപ്പെടെ 19 സൈറ്റുകളിലേക്ക് 75075 ഡോസ് വാക്സീൻ അനുവദിച്ചിട്ടുണ്ട്.

‘കോവിഡ് 19 രോഗത്തിൽ നിന്നും എനിക്ക് എല്ലാവരേയും സംരക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് എന്റെ കുടുംബാംഗങ്ങളേയും, എന്നേയും തന്നെ’–ആദ്യ വാക്സീൻ സ്വീകരിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു തെരേസ്സാ.