ഡാര്‍ എസ് സലാം, ടാന്‍സാനിയ: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കൊവിഡ് -19 പ്രതിസന്ധിയില്‍ മുടങ്ങിയ സാഹചര്യത്തില്‍ കിഴക്കനാഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയുടെ തലസ്ഥാനമായ ഡാര്‍ എസ് സലാമില്‍ നിന്നും കൊച്ചിയിലേക്കുള്ള പ്രത്യേക ചാര്‍ട്ടര്‍ വിമാന സര്‍വീസ് ജൂണ്‍ ഏഴാം തിയതി ഞായറാഴ്ച വൈകുന്നേരം 5.30 നു കൊച്ചിയിലേക്ക് പുറപ്പെട്ടു.
വിവിധ അത്യാവശ്യ സാഹചര്യങ്ങളാല്‍ നാട്ടിലേക്കു മടങ്ങേണ്ട മലയാളികള്‍ക്കായി ടാന്‍സാനിയായിലെ മലയാളി അസോസിയേഷനായ കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക വിമാനം ക്രമീകരിച്ചിരിക്കുന്നത്. 127 മലയാളികളാണ് ഈ പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ എത്തിച്ചേരുക. യാത്രക്കാരില്‍ 8 ഗര്‍ഭിണികളും 15 കുട്ടികളും ഉള്‍പ്പെടുന്നു. വിമാനങ്ങള്‍ ഇല്ലാത്തതു മൂലം യാത്ര മുടങ്ങിയിരുന്ന കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഈ പ്രത്യേക വിമാനം അനുഗ്രഹമായി.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവളത്തിലും, യാത്രയിലും, കേരളത്തില്‍ എത്തിയതിനു ശേഷവും യാത്രക്കാര്‍ക്കായി നിര്‍ദ്ദേശിച്ചിരുക്കുന്ന ആരോഗ്യ മുന്‍കരുതലുകള്‍ അനുസരിച്ചായിരിക്കും ഈ വിമാന സര്‍വീസ് എന്നു കലാമണ്ഡലം ടാന്‍സാനിയ സെക്രട്ടറി സൂരജ് കുമാര്‍ അറിയിച്ചു.
വന്ദേ ഭാരത് മിഷനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വിധത്തില്‍ അതാത് ഇന്ത്യന്‍ എംബസ്സിയോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രവാസി അസോസിയേഷനുകള്‍ക്കും, ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കാനുള്ള കേന്ദ സര്‍ക്കാര്‍ തീരുമാനമാണ്, നിരവധി മലയാളി കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമായ ഈ വിമാന സര്‍വീസ് നടത്താന്‍ കലാമണ്ഡലം ടാന്‍സാനിയയെ പ്രേരിപ്പിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു ചാര്‍ട്ടര്‍ വിമാനം ആഫ്രിക്കയില്‍നിന്ന് കൊച്ചിയിലേക്ക് പറക്കുന്നത്.