കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളായ നടന്‍ സിദ്ധിഖും ഭാമയും കൂറുമാറിയ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. സുഹൃത്തെന്ന് കരുതിയ ആള്‍ തന്നെ കൂറുമാറിയതിന്റെ ഞെട്ടലിലാണ് താനെന്നും നീതി ജയിക്കുമെന്ന് വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവളൊപ്പമെന്നും പാര്‍വ്വതി കുറിച്ചു. അമേരിക്കന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്‍വിനിന്‍റെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
അതിജീവിച്ചവര്‍ മൂന്ന് വര്‍ഷത്തിലേറെയായി യാതനയിലൂടെയും നിരന്തരമായ ആഘാതങ്ങളിലൂടെയും കടന്നുപോകുന്നത്. നിവര്‍ന്ന് നിന്ന് കൊണ്ട് തന്നെ അവള്‍ നീതിക്കായി പോരാടുന്നതാണ് നാം കണ്ടത്. ഇത് ഒരുതരത്തില്‍ പീഡനമാണ്. സാക്ഷികള്‍ മൊഴികള്‍ മാറ്റുന്നത് ഞെട്ടിക്കുന്നതാണ്. പ്രത്യേകിച്ച് സുഹൃത്ത് എന്ന് കരുതിയ ആള്‍. ഹൃദയഭേദകം. എന്നിരുന്നാലും, അവളുടെ പോരാട്ടം വിജയിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അവള്‍ക്കൊപ്പം, പാര്‍വ്വതി കുറിച്ചു.
നേരത്തേ ഇക്കാര്യത്തില്‍ പ്രതികരിച്ച് നടിമാരായ രേവതി, രമ്യാ നമ്ബീശന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. നടന്‍ സിദ്ധിഖ് മലക്കം മറിഞ്ഞത് വിശ്വസിക്കാം എന്നാല്‍ ഏറ്റവും അടുത്ത ആളായിരുന്നിട്ടും ഭാമ എങ്ങനെ അത് ചെയ്തുവെന്നായിരുന്നു നടി രേവതിയുടെ പ്രതികരണം.ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമാ കല്ലിങ്കല്‍ കുറിച്ചത്. സംവിധായകന്‍ ആഷിഖ് അബുവും പ്രതികരിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു.ഈ മൊഴിയാണ് ഇവര്‍ കോടതിയില്‍ സ്ഥിരീകരിക്കാന്‍ തയ്യാറാകാതിരുന്നത്.
അതേസമയം കൂറുമാറിയ ഭാമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാമ് ഉയരുന്നത്. സ്ത്രീത്വത്തെയാണ് ഭാമ അപമാനിച്ചതെന്നായിരുന്നു ചിലര്‍ കുറിച്ചത്. സ്വന്തം വീട്ടിലെ സ്ത്രീകള്‍ക്കോ മകള്‍ക്കോ ആണ് ഇത് സംഭവിച്ചതെങ്കില്‍ ഇത്തരത്തിലായിരുന്നോ പ്രതികരിക്കുകയോന്നും ചിലര്‍ ചോദിക്കുന്നു.