കാബൂള്‍: രാജ്യത്തെ അക്രമ സാഹചര്യങ്ങള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ മാറുമെന്ന് പ്രഖ്യാപിച്ച്‌ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. നഗരങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും അഷ്‌റഫ് ഗനി ചൂണ്ടിക്കാട്ടി .

താലിബാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി താലിബാന്‍ കൂടുതല്‍ ക്രൂരരായി മാറിയെന്നും ഗനി വെളിപ്പെടുത്തി . ഓണ്‍ലൈനയായി നടന്ന മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താലിബാന്‍ സമാധാനം, അഭിവൃദ്ധി, പുരോഗതി എന്നിവ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സമാധാനമാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാരിനേയും ജനങ്ങളെയും കീഴ്‌പ്പെടുത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യുദ്ധക്കളത്തില്‍ സ്ഥിതി മാറുന്നില്ലെങ്കില്‍ അവര്‍ അര്‍ത്ഥവത്തായ ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ട്. ഇതിനായി രാജ്യവ്യാപകമായി ജനങ്ങള്‍ അണിനിരക്കണം’ – പ്രസിഡന്റ് ഗനിയെ ഉദ്ധരിച്ച്‌ പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ ആക്രമണത്തിന് പിന്നാലെ ഞായറാഴ്ച അഫ്ഗാന്‍ സേന നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് അഷ്‌റഫ് ഗനിയുടെ പ്രസ്താവന. അതെ സമയം കാണ്ഡഹാറിലെ വിമാനത്താവളത്തിന് നേരേയും താലിബന്‍ റോക്കറ്റാക്രമണം നടത്തിയിരുന്നു. യുഎസ്, നാറ്റോ സേനകള്‍ അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വാങ്ങിയതോടെ രാജ്യത്തെ പല ജില്ലകളും കൂടുതല്‍ പ്രദേശങ്ങളും താലിബാന്റെ അധീനതയിലായി .