റോം: മുന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ താരം ജൻലൂക്ക വിയാലി (58) അന്തരിച്ചു. ആറ് വര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ സ്ട്രൈക്കറായിരുന്ന വിയാലി പിന്നീട് മാനേജരായി.
സാംപ്ഡോറിയയിലാണ് വിയാലി തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. ഒരു വർഷത്തിനു ശേഷം 1985-ൽ ഇറ്റാലിയൻ ദേശീയ ടീമിലുമെത്തി. സാംപ്ഡോറിയയുമായി എട്ടു വർഷം നീണ്ട ബന്ധമാണുണ്ടായത്. ഇതിനിടെ ക്ലബിനായി സീരി എ കിരീടം നേടിക്കൊടുത്ത വിയാലി സാംപ്ഡോറിയയെ യൂറോപ്യൻ കപ്പ് വിന്നറുമാക്കി.
സാംപ്ഡോറിയയിൽനിന്നും 12 മില്യൺ യൂറോയുടെ റിക്കാർഡ് തുകയ്ക്കു യുവന്റസിലേക്ക് ചേക്കേറി. നാല് സീസൺ യുവന്റസിനായി കളിച്ചു. ഈ കാലത്ത് ചാമ്പ്യൻസ് ലീഗ്, യുവേഫ കപ്പ്, സീരി എ കിരീടം എന്നിവ യുവന്റസിന്റെ ഷെൽഫിലെത്തി.
1996-ൽ ഫ്രീ ട്രാൻസ്ഫറിൽ ചെൽസിയിലെത്തിയ വിയാലി രണ്ട് വർഷത്തിനു ശേഷം ക്ലബിന്റെ മാനേജരായി. പ്രീമിയർ ലീഗിലെ ആദ്യത്തെ ഇറ്റാലിയൻ എന്ന ചരിത്രവും വിയാലി സ്വന്തമാക്കി. ഇറ്റലിക്കായി 59 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ വിയാലി 16 ഗോളുകളും നേടിയിട്ടുണ്ട്.