ഡെറാഡൂൺ: മണ്ണൊലിപ്പ് മൂലം ഭവനങ്ങളിലും കെട്ടിടങ്ങളിലും വിള്ളൽ വീണ് ദുരിതം അനുഭവിക്കുന്ന ജോഷിമഠ് നിവാസികൾക്ക് ഇടക്കാലാശ്വാസ നിധി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. ദുരിതം അനുഭവിക്കുന്ന ഓരോ കുടുംബത്തിനും 1.50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.
അനുവദിച്ച തുകയിലെ ആദ്യ ഗഡുവായ 50,000 രൂപ വീട്മാറ്റം ആവശ്യമുള്ളവർക്ക് ഉടൻ നൽകുമെന്ന് ബാക്കി തുക പിന്നീട് കൈമാറാനാണ് നീക്കമെന്നും അധികൃതർ അറിയിച്ചു. വാടകവീടുകളിലേക്ക് മാറുന്നവർക്ക് ആറ് മാസത്തേക്ക് 4,000 രൂപ വീതം നൽകും.
സർക്കാർ കണക്കുകൾ പ്രകാരം 723 കെട്ടിടങ്ങൾക്കാണ് മണ്ണൊലിപ്പ് മൂലം കേടുപാട് സംഭവിച്ചത്. ഇതിൽ അപകടകരമായ രീതിയിൽ ചെരിഞ്ഞ് നിൽക്കുന്ന രണ്ട് ഹോട്ടലുകൾ മാത്രം നിലവിൽ പൊളിച്ചുനീക്കിയാൽ മതിയെന്നാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.