മിനിയപ്പലിസ് ∙ ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ പ്രധാനപ്രതിക്കു പുറമെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ കൂടെ കേസിൽ ഉൾപ്പെടുത്തി അറസ്റ്റു ചെയ്തു. ടൊ താഹൊ, തോമസ് ലെയ്ൻ, ജൊ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊന്നു എന്ന് പറയപ്പെടുന്ന ഓഫീസർ ഡെറക് ചോവിനെതിരെ കൊലപാതകകുറ്റമാണു ചുമത്തിയിരിക്കുന്നത്. 40 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൊലപാതകത്തിന് കൂട്ടുനിന്നുവെന്നാണ് മറ്റുള്ള മൂന്നു പേർക്കെതിരെയുള്ള കേസ്.മിനിസോട്ട അറ്റോർണി ജനറൽ കീത്ത് എല്ലിസനാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്നു രാജ്യത്താകമാനം പ്രതിഷേധവും ആക്രമണവും ശക്തമാകുന്നതിനിടെ, അറ്റോർണി ജനറലിന്റെ പുതിയ പ്രഖ്യാപനം സമരത്തിന്റെ തീവ്രത കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇതിനിടയിൽ ജോർജ് ഫ്ലോയ്ഡിന്റെ ഓട്ടോപ്സി റിപ്പോർട്ട് പുറത്തു വന്നു. 20 പേജുള്ള റിപ്പോർട്ടിൽ ഏപ്രിൽ മാസം കൊറോണ വൈറസ് പോസീറ്റിവായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഫ്ലോയ്ഡിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയപ്പോൾ ഹൃദ്രോഗം ഉണ്ടായതായും റിപ്പോർട്ടിലുണ്ട്. എന്നാൽ മരണം കൊലപാതകമായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നത്.