കോട്ടയം: ജോസ് കെ മാണി എല്‍.ഡി.എഫില്‍ വന്നതില്‍ പ്രതികരിച്ച് പി.സി ജോര്‍ജ് .
ജോസിന്റെ മനംമാറ്റത്തില്‍ സി.പി.എം പ്രതീക്ഷിച്ച മാറ്റമുണ്ടാകില്ലെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ജോസിന്റെ കൂട്ടത്തിലും ആളുണ്ട്. അത് നിഷേധിക്കാനാകില്ലെന്നും ഇടതുപക്ഷത്തേക്ക് ജോസ് കെ മാണി ചെന്നപ്പോള്‍ ഇത്രയും വലിയ ധാര്‍മ്മികമായ മാറ്റമില്ലെന്നാണ് പിണറായി ഉള്‍പ്പടെയുളളവര്‍ പറയുന്നത്. യു.ഡി.എഫില്‍ നിന്ന് പോയപ്പോള്‍ ജോസ് കാണിച്ചത് പോലെ അധാര്മ്മികത്വവും നീതികേടും നന്ദികേടുമില്ലെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. രണ്ട് കൂട്ടരും പറയുന്നത് വൃത്തിക്കേടാണ്. യു.ഡി.എഫിന് വേണമെങ്കില്‍ ജോസ് പോകാതെ നോക്കാമായിരുന്നു. രണ്ട് രാഷ്ട്രീയ മുന്നണികളുടേയും നേതാക്കളുടെ പ്രസ്താവനകള്‍ അല്‍പ്പത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
മാണി ഗ്രൂപ്പ് പിളര്‍ന്നപ്പോള്‍ ആളുകള്‍ കൂടുതലും മാണി സാറിനോടുളള സ്നേഹത്തിന്റെ പേരില്‍ ജോസിനൊപ്പമാണ് നിന്നത്. കുറേ നേതാക്കന്മാര് മാത്രമേ ജോസഫിനൊപ്പം നിന്നൂളളൂ. എന്നാല്‍ കോഴ മാണിയെന്ന് വിളിച്ച് മാണിയെ അപമാനിച്ച ഇടതുപക്ഷത്തിനൊപ്പം അദ്ദേഹത്തിന്റെ സ്വന്തം മകനായ ജോസ് കെ മാണി പോകുന്നത് വിഡ്ഢിത്തരമാണ്. ഇനിയും കുറേ ആളുകള്‍ ജോസ് കെ മാണിയെ വിട്ടു പോകാന്‍ സാദ്ധ്യതയുണ്ട്.
ജോസിന്റെ മനം മാറ്റത്തില്‍ എത്രനാള്‍ സ്വന്തം അണികളെയും നേതാക്കളെയും പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് കണ്ടറിയണം. ജോസ് വിഭാഗത്തിലെ വലിയൊരു വിഭാഗം ആളുകളും യു.ഡി.എഫ്. മാനസികാവസ്ഥ ഉളളവരാണ്. അവര്‍ താമസിയാതെ യു.ഡി.എഫിലേക്ക് തിരികെ പോകും. ചിലപ്പോള്‍ അധികം താമസിക്കാതെ തന്നെ ജോസ് കെ മാണി യു.ഡി.എഫിലെത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലേക്ക് പോകണമെന്ന് കരുതി ആരുടേയും കാലുപിടിക്കാന്‍ തന്നെ കിട്ടില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. പാലായിലും കാഞ്ഞിരപ്പളളിയിലും പൂഞ്ഞാറിലും ആര് ജയിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും. ജനപക്ഷത്തിന് വളരെയധികം സ്വാധീനമുളള മണ്ഡലങ്ങളാണ് ഈ മൂന്നും. യു.ഡി.എഫിലേക്ക് പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആളുകളും അക്കാര്യം ആവശ്യപ്പെടുന്നുണ്ട്. മുന്നണി പ്രവേശനത്തിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ്. നേതൃത്വമാണ്.
പൂഞ്ഞാറില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. ഇരുമുന്നണികളെയും നേരിട്ട് സ്വതന്ത്രമായാണ് താന്‍ വിജയിച്ചത്. അവിടെ മറ്റ് ഭീഷണികളൊന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ഒരു വിഭാഗം എന്‍.ഡി.എ മുന്നണിയിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണെന്നും അതിനാല്‍ ഏത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.