>ഹൂസ്റ്റൺ ∙ മലങ്കര മർത്തോമാ സഭയുടെ കാലം ചെയ്ത ജോസഫ് മാർത്തോമാ മെത്രാപോലീത്താ മഹാനായ ക്രാന്തദർശിയും അതാതു സമയങ്ങളിൽ സഭയുടെ പ്രതികരണം കാലജ്ഞാനത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്തിരുന്ന കാല ജ്ഞാനമായിരുന്നുവെന്ന് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് സി. വി. മാത്യു അഭിപ്രായപ്പെട്ടു.

ഒക്ടോബർ 20 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഇന്റർ നാഷണൽ പ്രെയ്‍ലൈനിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജോസഫ് മാർത്തോമ അനുസ്മരണ സമ്മേളനത്തിൽ പ്രധാന അനുസ്മരണം നടത്തുകയായിരുന്നു ബിഷപ്പ്.

2014 മെയ് മാസം ജോസഫ് മാർത്തോമാ മെത്രാപോലീത്താ പ്രാർഥിച്ച് ഉൽഘാടനം നിർവ്വഹിച്ച ഐപിഎൽ ഇന്ന് ആഗോളാടിസ്ഥാനത്തിൽ സഭാ വ്യത്യാസമില്ലാതെ എല്ലാ ചൊവ്വാഴ്ചയും അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന അനുഗ്രഹ കൂട്ടായ്മയായി മാറിയതിൽ പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്ന് ആമുഖ പ്രസംഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി. വി. സാമുവേൽ പറഞ്ഞു.

മാരാമൺ കൺവൻഷനിൽ പ്രസംഗത്തിനായി എത്തിച്ചേരുന്ന സന്ദർഭങ്ങളിലെല്ലാം തിരുമേനിയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചിരുന്നതായി കൺവൻഷൻ പ്രാസംഗികനായ മാർട്ടിൻ അൽഫോൺസ് പറഞ്ഞു.

സമൂഹത്തിൽ നിന്നും പുറംതള്ളപ്പെട്ടവരെ ചേർത്ത് പിടിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും തിരുമേനി പ്രത്യേക താൽപര്യമെടുത്തിരുന്നതായി തിരുമേനിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച സജു പാപ്പച്ചനച്ചൻ അനുസ്മരിച്ചു. സഭയിലെ സീനിയർ പട്ടക്കാരനായ എം. പി. യോഹന്നാൻ അച്ചൻ, മറിയാമ്മ അബ്രഹാം ന്യൂയോർക്ക്, ദീർഘവർഷം തിരുമേനിയുമായി അടുത്ത സുഹൃദ്ബന്ധം സ്ഥാപിച്ചിരുന്ന ഷാജി രാമപുരം, റവ. കെ. ബി. കുരുവിള, അലൻ ജി. ജോൺ, എം. കെ. ഫിലിപ്പ്, റവ. ഡോ. ഇട്ടി മാത്യൂസ്, റവ. മനോജ് ഇടിക്കുള, ഐപിഎൽ കോർഡിനേറ്റർ ടി. എ. മാത്യു, ഡോ. ജോർജ് വർഗീസ്, വൽസ മാത്യു, ജോസ് തോമസ് എന്നിവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. സഭാ സെക്രട്ടറി റവ. കെ. ജി. ജോസഫ് അച്ചന്റെ പ്രാർഥനക്കും ആശീർവാദത്തിനുശേഷം യോഗം സമാപിച്ചു.