കോട്ടയം: ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പി.ജെ. ജോസഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കിടയിലെ അസംതൃപ്തി പൊട്ടിത്തെറിയിലേക്ക്.നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാന കമ്മിറ്റി വിളിക്കാതെ പി.ജെ.ജോസഫ്, പി.സി.തോമസ്, മോന്‍സ് ജോസഫ് , ജോയ് എബ്രഹാം എന്നിവര്‍ ചേര്‍ന്ന് പ്രധാന തീരുമാനങ്ങളെടുക്കുന്നതിനു പുറമേ പാര്‍ട്ടിയില്‍ സെക്രട്ടറി ജനറലായ ജോയ് എബ്രഹാമിന്റെ അപ്രമാദിത്വമാണെന്നും പരാതി ഉയരുന്നുണ്ട്.
പാര്‍ട്ടിയുടെ ഈ പോക്കിലുള്ള അതൃപ്തി ഫ്രാന്‍സിസ് ജോര്‍ജ്, ജോണിനെല്ലൂര്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ തൊടുപുഴയില്‍ ജോസഫിന്റെ വീട്ടിലെത്തി അറിയിക്കുകയായിരുന്നു. ഇങ്ങനെ ഏറെക്കാലം മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും അവര്‍ നല്‍കുകയും ചെയ്തു.



