ജോഷിമഠ് (ഉത്തരാഖണ്ഡ്) : ജോഷിമഠിൽ വിള്ളൽ രൂപപ്പെട്ട വീടുകളുടെയും കെട്ടിടങ്ങളുടെയും എണ്ണം 723 ആയി. ഇതിൽ 86 കെട്ടിടങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയിൽ ഉള്ളത്. 131 കുടുംബങ്ങളിലെ 400ലധികം പേരെ മാറ്റി താമസിപ്പിച്ചു. അതീവ അപകടാവസ്ഥയിലുള്ള മലാരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകൾ പൊളിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന ദുരന്തനിവാരണ സേന. മുന്നറിയിപ്പില്ലാതെ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ. കെട്ടിടങ്ങളുടെ മൂല്യം നിശ്ചയിച്ച് നഷ്ടപരിഹാരം നൽകിയശേഷം പൊളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേന്ദ്രം നിയോഗിച്ച കൂടുതൽ സംഘങ്ങൾ ജോഷിമഠ് സന്ദർശിക്കുകയാണ്. 

അതേസമയം നി‍ർമ്മാണ പ്രവ‍‍‍ർത്തനങ്ങൾ നി‍ർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടും ജോഷിമഠിലെ ഭൗമപ്രതിസന്ധിക്ക് ആക്കം കൂട്ടിയ എൻടിപിസി ജലവൈദ്യുതി പദ്ധതിയുടെ നി‍‍ർമ്മാണം തുടരുകയാണ്. നി‍‍ർമ്മാണ പ്രവൃത്തികൾ സജീവമായി തുടരുന്നതിൻ്റെ തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ശങ്കാരാചാര്യ മഠത്തിലും വിള്ളലിനിടയാക്കിയത് പദ്ധതിയുടെ ഭാഗമായ തുരങ്ക നി‍‍ർമ്മാണമെന്ന് മഠം വിമ‍‍ർശിച്ചു.

ജോഷിമഠിൽ വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ കണ്ടതിന് തൊട്ടുപിന്നാലെ തപോവൻ പദ്ധതിയടക്കം, പ്രദേശത്തെ എല്ലാ നി‍ർമ്മാണ പ്രവ‍ത്തനങ്ങളും നി‍ർത്തിവെക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാൽ ഭൂമി ഇടിഞ്ഞ് താഴ്ന്ന് ജോഷിമഠിൽ ജനങ്ങൾ ഭീതിയിൽ കഴിയുമ്പോഴും ഉത്തരവ് കാറ്റിൽ പറത്തി, എൻടിപിസിയുടെ തപോവൻ – വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി തുടരുകയാണെന്ന് സമരസമിതി വക്താവ് കമൽ റത്തൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.