കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മറ്റൊരു മലയാള സിനിമകൂടി ഒരുങ്ങുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന #ഹോം എന്ന ചിത്രമാണ് ഒരുങ്ങുന്നത്. ഇന്ദ്രന്‍സാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് നാളെ എറണാകുളത്ത് ആരംഭിക്കും.

ടെക്നോളജിയുടെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന അച്ഛനും സമൂഹമാധ്യത്തിന് അഡിക്റ്റായ മക്കളും അവര്‍ തമ്മിലുള്ള ജനറേഷന്‍ ഗ്യാപ്പും കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുമാണ് സിനിമയുടെ കഥ. അച്ഛനായി ഇന്ദ്രന്‍സും മകനായി ശ്രീനാഥ് ഭാസിയുമാണ് അഭിനയിക്കുന്നത്. മണിയന്‍ പിള്ള രാജു, ശ്രീകാന്ത് മുരളി, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച്‌ വിജയ് ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെ:

“സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആണ് നാളെ കൊച്ചിയില്‍ തുടങ്ങുന്നത്. സെറ്റിന്റെ പണികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ഘട്ടം ഘട്ടമായി ഷൂട്ടിങ് തീര്‍ക്കും. ഈ സിനിമയുമായി സഹകരിക്കുന്ന ഭൂരിഭാഗം പേരും കൊച്ചിയില്‍ നിന്നുളളവര്‍ തന്നെയാണ്. ഇന്ദ്രന്‍സ് ചേട്ടന്‍ മാത്രമാണ് വരാനുള്ളത്. വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത്. പിന്നെ, എല്ലാവര്‍ക്കും ഇതൊരു പ്രചോദനമാണ്. തിരിച്ചു സാധാരണ ജീവിതത്തിലേക്ക് എത്തണ്ടേ? ഒരു ജോലിയില്ലാതെ ഇരുന്നിട്ട് കുറെ കാലമായില്ലേ? എല്ലാവര്‍ക്കും ജോലി എടുക്കാന്‍ വലിയ ആഗ്രഹവും സന്തോഷവും ആയിരിക്കുന്ന സമയമാണ്. അതിന്റെ ഒരു ത്രില്ലിലാണ് എല്ലാവരും. കുറച്ചു പേര്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ കഴിയുന്നതില്‍ എനിക്കും സന്തോഷമുണ്ട്. എല്ലാവരും സഹകരിക്കാന്‍ തയ്യാറാണ്. അവര്‍ക്ക് ജോലി മതി. ‘സൂഫിയും സുജാത’യും റിലീസായി. വലിയ നഷ്ടമില്ലാതെ സിനിമ പോയി. ഞാന്‍ അന്നും പറഞ്ഞിരുന്നു, ഈ പൈസ തിരിച്ചു കിട്ടിയാല്‍ വേറൊരു സിനിമ ചെയ്യുമെന്ന്. അതും ഈ സിനിമ തുടങ്ങാന്‍ ഒരു കാരണമാണ്. അന്‍പതു പേര്‍ക്കെങ്കിലും ഇതിലൂടെ ജോലി ലഭിക്കുമല്ലോ.”

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യകത്മാക്കിയത്.

#ഹോം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസാണ്. ഛായഗ്രഹണം നീല്‍ഡി കുഞ്ഞയും സംഗീത സംവിധാനം രാഹുല്‍ സുബ്രമണ്യനുമാണ്. 2013ല്‍ ഫ്രൈഡേ ഫിലിംസിന്റെ തന്നെ ബാനറില്‍ പുറത്തിറങ്ങിയ ‘ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍’ എന്ന സിനിമയുടെ അതേ ടീമാണ് #ഹോമിലൂടെ വീണ്ടും ഒത്തുചേരുന്നത്. ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു.