തായ്‌വാന്‍: ജൂഡോ പരിശീലകന്‍ 27 തവണ തുടര്‍ച്ചയായി നിലത്തെറിഞ്ഞതിനെത്തുടര്‍ന്ന് 7വയസ്സുകാരന് ദാരുണാന്ത്യം. തായ്‌വാനിലാണ് സംഭവം.കഴിഞ്ഞ ഏപ്രിലില്‍ ജൂഡോ ക്ലാസിനിടെ ഗുരുതരമായി പരുക്കേറ്റ കുട്ടി 70 ദിവസത്തോളം അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം, കൊല്ലപ്പെട്ട കുട്ടിയുടെ പേരോ വിവരങ്ങളോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. 60കാരനായ കോച്ചിന്റെ ഹ്വവ് എന്ന കുടുംബപ്പേര് മാത്രമാണ് പുറത്തുവിട്ടത്. സംഭവത്തെത്തുടര്‍ന്ന് ജൂണില്‍ തന്നെ കേസെടുത്ത കോച്ചിന്റെ പേരില്‍ കുട്ടി മരിച്ചതോടെ കൊലപാതകം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 21ന് അമ്മാവന്റെ സാന്നിധ്യത്തിലായിരുന്നു കുട്ടി ജൂഡോ ക്ലാസില്‍ പങ്കെടുത്തത്. സഹപാഠിയായ കുട്ടിയെക്കൊണ്ട് ഇത്രയും ക്രൂരത ചെയ്യിപ്പിച്ചിട്ടും പരിശീലകനെ തടയാന്‍ അമ്മാവനും ആവശ്യപ്പെട്ടില്ല.തലവേദനിക്കുന്നു, നിര്‍ത്തൂവെന്ന് പലതവണ കുട്ടി പരാതിപ്പെട്ടു. ഛര്‍ദിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിക്ക് ബോധം പോകുന്നതുവരെ പരിശീലകന്‍ എടുത്തെറിയല്‍ തുടരുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പരിശീലകന് ലൈസന്‍സ് പോലുമില്ലെന്നും കണ്ടെത്തി.