സർക്കാർ ജീവനക്കാരുടെ സാലറി കട്ടിൽ മൂന്ന് നിർദേശങ്ങളുമായി സർക്കാർ. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ധനമന്ത്രി ഡോ.തോമസ് ഐസക്കാണ് നിർദേശം മുന്നോട്ടുവച്ചത്. ഇതുവരെ മാറ്റിവച്ച ശമ്പളം പണമായി നൽകുമെന്നതുൾപ്പെടെയുള്ള നിർദേശമാണ് ഇതിലുള്ളത്. ഇക്കാര്യത്തിൽ നാളെ അഭിപ്രായം അറിയിക്കാൻ സംഘടനകളോട് ആവശ്യപ്പെട്ടു.
സാലറികട്ടിൽ എല്ലാ സംഘടനകളും എതിർപ്പ് അറിയിച്ചതോടെയാണ് ധനമന്ത്രി സംഘടനാ നേതാക്കളുമായി ഇന്ന് വീണ്ടും ചർച്ച നടത്തിയത്. കഴിഞ്ഞ തവണ മാറ്റിവച്ച ഒരു മാസത്തെ ശമ്പളം പിഎഫിൽ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കും. പകരം പണമായി തുക ജീവനക്കാർക്ക് നൽകാം. ഇതിനായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ വായ്പയെടുക്കും. പലിശയും തിരിച്ചടവും സർക്കാരിന്റെ ബാധ്യതയായിരിക്കും.
വീണ്ടും ആറ് മാസത്തേക്ക് കൂടി ശമ്പളം മാറ്റിവയ്ക്കാൻ സമ്മതിക്കണമെന്നതാണ് ഒന്നാമത്തേത്. ഓണം അഡ്വാൻസ്, പിഎഫിൽ നിന്നുള്ള വായ്പ എന്നിവയുടെ തിരിച്ചടവിന് ആറ് മാസത്തെ സാവകാശം അനുവദിക്കാം. സാലറി കട്ട് അടുത്ത ആറ് മാസം കൂടി തുടരും.
ഇതു രണ്ടും അംഗീകരിക്കാനാവില്ലെങ്കിൽ അടുത്ത മാർച്ച് വരെ മാസം മൂന്ന് ദിവസത്തെ ശമ്പളം വീതം മാറ്റിവയ്ക്കാൻ സമ്മതിക്കുക. ഈ നിർദേശങ്ങളിൽ മാറ്റിവച്ച ശമ്പളം പണമായി തിരികെ നൽകുന്നതിനോട് എല്ലാവരും പൊതുവെ യോജിച്ചു. ഇതിൽ ഏത് മാർഗം വേണമെന്ന് തീരുമാനിച്ച് നാളെ വൈകുന്നേരത്തിനുള്ളിൽ രേഖാമൂലം അറിയിക്കണമെന്ന് സംഘടനകളോട് ധനമന്ത്രി നിർദേശിച്ചിട്ടുണ്ട്.