മലപ്പുറം: കേരളക്കരയുടെ ആയുര്‍വേദ സംസ്കാരത്തെ ആഗോളതലത്തില്‍ അടയാളപ്പെടുത്തിയ പി കെ വാര്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനത്തിന് അംഗീകാരമായും ഒരു ഔഷധ സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി ആദരിച്ചിട്ടുണ്ട് കേരളം. കണ്ണൂര്‍ ജില്ലയിലെ ആറളം വനപ്രദേശത്ത് കണ്ടെത്തിയ പുതിയ ഇനം സസ്യത്തിനാണ് പി കെ വാര്യരുടെ പേര് നല്‍കിയത്. ‘ജിംനോസ്റ്റാക്കിയം വാരിയരാനം’ എന്നാണ് ഈ സസ്യത്തിന്റെ പേര്. സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസ്സില്‍പ്പെട്ടതാണ് ഇത്. 70 സെ. മീ. നീളത്തില്‍ വളരുന്ന ഈ സസ്യം നവംബറിനും മാര്‍ച്ച് മാസത്തിനും ഇടയിലാണ് പുഷ്പിക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള പുഷ്പങ്ങളാണ് ഇതിലുണ്ടാകുക. വംശനാശം നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഈ ചെടി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഉദ്യാനത്തില്‍ പരിപാലിക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ ഇനത്തില്‍പ്പെട്ട 14 സസ്യങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വെറും ഏഴെണ്ണം മാത്രമാണുള്ളത്.
2015 സെപ്തംബറില്‍ കണ്ണൂരിലെ ആറളം വന്യജീവിസങ്കേതത്തില്‍ നിന്നാണ് സസ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവര്‍ഗീകരണ വിഭാഗം ശാസ്ത്രജ്ഞനായ ഡോക്ടര്‍ കെ എം പ്രഭുകുമാറിന്‍റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ നിന്നുള്ള അന്താരാഷ്ട്ര സസ്യവര്‍ഗീകരണ ജേര്‍ണലായ ക്യൂ ബുള്ളറ്റിനില്‍ ഇതിന്‍റെ കണ്ടെത്തല്‍ സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു വൈദ്യകുലപതി പി കെ വാരിയരുടെ അന്ത്യം സംഭവിച്ചത്. പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം അദ്ദേഹത്തിനു സമര്‍പ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്കാരം, സി. അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി കെ വാരിയരെത്തേടിയെത്തിയ ബഹുമതികളില്‍ ചിലതുമാത്രം. കേരള ആയുര്‍വേദ മണ്ഡലം, അഖിലേന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌മൃതിപര്‍വമെന്ന പേരില്‍ രചിച്ച ആത്മകഥ സംസ്‌ഥാന സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ആയുര്‍വേദകോളേജ്, സെന്റര്‍ ഓഫ് മെഡിസിനല്‍ പ്ലാന്റ് റിസര്‍ച്ച് എന്നിവ സ്ഥാപിച്ചു. ഗവേഷണത്തിന് പരമപ്രാധാന്യം നല്‍കി. ഔഷധച്ചെടികളുടെ വലിയ ഒരു ഉദ്യാനം കോട്ടയ്ക്കലില്‍ സംരക്ഷിച്ചുവരുന്നത് ഡോ. പി കെ വാരിയരുടെ നിര്‍ദ്ദേശത്തിലാണ്. പാരമ്ബര്യത്തിന്റെ നന്മകള്‍ ഉള്‍ക്കൊള്ളുമ്ബോഴും ആധുനികവത്ക്കരണത്തേയും അദ്ദേഹം ഉള്‍ക്കൊണ്ടു. കഷായത്തെ ടാബ്ലറ്റ് രൂപത്തിലാക്കി. ലേഹ്യത്തെ ഗ്രാന്യൂളുകളാക്കി. ഭസ്മത്തെ ഗുളിക രൂപത്തിലാക്കി. കോട്ടയ്ക്കലിന് പുറമെ പാലക്കാടും നഞ്ചന്‍കോടും ആര്യവൈദ്യശാലയ്ക്ക് ഫാക്ടറികളുണ്ടായി. കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാനും ആര്യവൈദ്യശാല മുന്‍കയ്യെടുത്തു. കോട്ടയ്ക്കല്‍ പി എസ്വി നാട്യസംഘം പ്രശസ്തമായ ഒരു കഥകളി ഗ്രൂപ്പാണ്.
1987 ല്‍ കോപ്പന്‍ഹേഗനില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍ അവാര്‍ഡ് നേടി. 1999 ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നല്‍കി ആദരിച്ചു. 2009 ല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി D.Sc. അവാര്‍ഡും നല്‍കി. 1997 ല്‍ ആള്‍ ഇന്ത്യാ ആയുര്‍വേദിക് കോണ്‍ഗ്രസ് ആയുര്‍വേദ മഹര്‍ഷിപട്ടം നല്‍കി ആദരിച്ചിട്ടുണ്ട്.
കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍ വാരിയര്‍, പരേതനായ കെ.വിജയന്‍ വാരിയര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍ വാരിയര്‍, കെ.വി.രാമചന്ദ്രന്‍ വാരിയര്‍.



