കണ്ണൂര്‍: പരോള്‍ കഴിഞ്ഞ് ജയിലുകളില്‍ തിരിച്ചെത്തുന്ന തടവുകാരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യം ജയിലുകളിലുണ്ടെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ ജയില്‍ സൂപ്രണ്ടുമാര്‍ സൗകര്യങ്ങള്‍ പരിശോധിച്ച്‌ പരാതികള്‍ പരിഹരിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ് കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്രിംകോടതി നിര്‍ദേശാനുസരണമാണ് തടവുകാരെ 60 ദിവസത്തെ പരോളില്‍ വിട്ടയച്ചത്. ഇവര്‍ ജയിലുകളിലേക്ക് മടങ്ങിയെത്തിത്തുടങ്ങിയിട്ടുണ്ട്. ജയിലുകളില്‍ മടങ്ങിയെത്തുന്നവരെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ക്വാറന്റൈന്‍ ചെയ്യിക്കേണ്ട ബാധ്യത ജയില്‍ ഉദേ്യാഗസ്ഥര്‍ക്കുണ്ട്.

എന്നാല്‍ തടവുകാരുടെ ബാഹുല്യം കാരണം കൊവിഡ് വ്യാപനത്തിന് മുമ്ബ് തന്നെ ജയിലുകള്‍ നിറഞ്ഞിരുന്നു. ഇക്കാര്യം കേരള ലീഗല്‍ സര്‍വീസസ് അതാറിറ്റി സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നിരുന്നു. തടവുകാരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെങ്കില്‍ അവര്‍ക്ക് ആവശ്യമായ ശുചിമുറി സൗകര്യം പോലും പല ജയിലുകളിലുമില്ല. രാജ്യത്തെ ചില ഹൈക്കോടതികള്‍ തടവുകാരുടെ പരോള്‍ കാലാവധി നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ അത്തരമൊരു ഉത്തരവ് നിലവിലില്ല. ജയിലില്‍ മടങ്ങിയെത്തുന്ന തടവുകാരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചില്ലെങ്കില്‍ സഹതടവുകാര്‍ക്ക് വൈറസ് ബാധയ്ക്കു സാധ്യതയുണ്ട്. വിഷയത്തില്‍ നടപടി സ്വീകരിച്ച ശേഷം ജയില്‍ ഡറയക്ടര്‍ ജനറല്‍ 30 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. നേരത്തേ കണ്ണൂര്‍ സബ് ജയിലിലെ രണ്ടു തടവുകാര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.