ലണ്ടന്‍: മത്സരിച്ച്‌ ജയിച്ചാല്‍ എതിരാളിയെ മറക്കരുതെന്ന വിശാല ചിന്ത ലോകത്തിന് കാട്ടി കൊടുക്കുകയാണ് മഹാരാഷ്ട്രക്കാരനായ ഒരു അദ്ധ്യാപകന്‍. തനിക്ക് കിട്ടിയ സമ്മാനതുക എതിരാളികള്‍ക്ക് വീതിച്ച്‌ നല്‍കിയാണ് അദ്ധ്യാപകന്‍ ലോകത്തിന് തന്നെ കൗതുകമാകുന്നത്. ബ്രിട്ടനില്‍ നടന്ന ഗ്ലോബല്‍ ടീച്ചേഴ്‌സ് മത്സരത്തിലെ പുരസ്‌കാര ജേതാവാണ് എല്ലാവരേയും അമ്ബരപ്പിച്ച്‌ സമ്മാനതുക വീതിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ അദ്ധ്യാപകനായ രഞ്ജിത് സിംഗ് ദിസലേയാണ് ഇത്തരമൊരു തീരുമാനമെടുത്ത് ഏവര്‍ക്കും മാതൃകയായത്. ആകെ സമ്മാനമായി പത്ത് ലക്ഷം ഡോളര്‍ ലഭിച്ച ദിസലേ തനിക്കൊപ്പം മത്സരിച്ച ഒമ്പതു പേര്‍ക്കായി പകുതി തുകയായ അഞ്ച് ലക്ഷം ഡോളര്‍ വീതിച്ച്‌ നല്‍കിയാണ് മാതൃകയായത്.
ഗ്രാമീണ മേഖലയിലെ വിദൂരപ്രദേശങ്ങളില്‍ താമസിക്കുന്ന യുവ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുളള പരിശ്രമങ്ങള്‍ക്കാണ് ആഗോള തലത്തില്‍ രഞ്ജിത്ത് സിംഗിനെ സമ്മാനാര്‍ഹനാക്കിയത്. വര്‍ക്കി ഫൗണ്ടേഷനാണ് സംഘാടകര്‍. ദുബായ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സണ്ണി വര്‍ക്കി സ്ഥാപിച്ച ആഗോളതലത്തിലെ സന്നദ്ധ സംഘടനയാണ് ദ വര്‍ക്കി ഫൗണ്ടേഷന്‍

എല്ലാ സൗകര്യങ്ങളും നിഷേധിക്കപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായിട്ടാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ലണ്ടനിലെ പ്രസിദ്ധമായ ദേശീയ ചരിത്ര മ്യൂസിയത്തില്‍ വച്ച്‌ എഴുത്തുകാരനും ഹാസ്യകലാകാരനുമായ സ്റ്റീഫന്‍ ഫ്രൈയാണ് ബഹുമതി നല്‍കിയത്. ആഗോളതലത്തില്‍ 140 രാജ്യങ്ങളില്‍ നിന്നുളള 12,000 അദ്ധ്യാപകരില്‍ നിന്നാണ് വര്‍ഷത്തിലൊരിക്കല്‍ ഒരാളെ തീരുമാനിക്കുന്നത്.

അദ്ധ്യാപകരെന്നും പങ്കുവയ്‌ക്കലിലും ദാനം ചെയ്യലിലും വിശ്വസിക്കുന്നവരാണ്. അദ്ധ്യാപകര്‍ ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന സമയമാണ്. എന്നിട്ടും തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാനാണ് എല്ലാ അദ്ധ്യാപകനും ശ്രദ്ധിക്കുക. താന്‍ നേടിയ ഈ ബഹുമതി അഞ്ചുലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും പ്രതിനിധീകരിച്ചാണെന്നും ദിസാലെ ബഹുമതി സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

സമൂത്തില്‍ മാറ്റം ഉണ്ടാക്കാനും പാര്‍ശ്വവത്‌കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ധാരാളം അദ്ധ്യാപകര്‍ ഇന്ത്യയിലുണ്ട്. അവര്‍ക്കായി സമ്മാനതുക ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഇരുന്നാണ് വെര്‍ച്വല്‍ സംവിധാനത്തിലൂടെ ദിസാലേ ബഹുമതി സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ പരീതേവാഡീ ഗ്രാമത്തിലാണ് ദിസാലേ കുട്ടികളെ പഠിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കള്‍ ദിസാലേയെ അഭിനന്ദിച്ച്‌ രംഗത്തെത്തി.