കലിഫോർണിയ ∙ ലയൺസ് ക്ലബ്‌സ് ഇന്റർനാഷനൽ കലിഫോർണിയ ഡിസ്ട്രിക്ട് ഫോർ-സി-3 യുടെ ഗവർണറായി മലയാളിയായ ജെയിംസ് വർഗീസിനെ തിരഞ്ഞെടുത്തു. കലിഫോർണിയ സംസ്ഥാനത്തെ 42 ലയൺസ് ക്ലബുകളുടെ ചുമതലയാണ് നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് വർഗീസിനുള്ളത്.

ഗവർണർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പുറമെ 2020-21 വർഷത്തത്തെ കോവിഡ് കാലഘട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ലയൺസ് ക്ലബ് അംഗങ്ങളെയും ലയൺസ് ക്ലബ്കളെയും ഉൾപ്പെടുത്തി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ച്, ഈ വർഷത്തെ ‘ലയൺ ഓഫ് ദി ഇയർ’ അവാർഡ് നൽകി ജെയിംസ് വർഗീസിനെ ആദരിച്ചു.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടും, സാമ്പത്തിക ബുദ്ധിമുട്ടിലും വീടുകളിൽ കഴിയേണ്ടി വന്നവർക്ക് 90 ടണ്ണിലേറെ ആഹാരസാധനങ്ങൾ ലയൺസ് ക്ലബ്‌സ് വോളന്റിയർമാരുടെ സഹായത്തോടെ എത്തിച്ചു കൊടുക്കാൻ മലയാളിയായ ജെയിംസ് വർഗീസിനു കഴിഞ്ഞത് അഭിമാനാർഹമാണ്.

സിലിക്കൺ വാലി ഇന്ത്യൻ ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റായി പ്രവർത്തനം തുടങ്ങിയ ജെയിംസ് വർഗീസ് സോൺ ചെയർമാൻ, റീജിയനൽ ചെയർമാൻ വൈസ് ഡിസ്ട്രിക്ട് ഗവർണർ എന്നീ നിലകളിൽ സ്‌തുത്യർഹമായ സേവനം അനുഷ്ഠിച്ച് അമേരിക്കൻ ജനസമൂഹത്തിന്റെ ഇഷ്ടതാരമായി.

ലയൺസ് ക്ലബ് പ്രവർത്തനങ്ങൾ കൂടാതെ, ജെയിംസ് വർഗീസ് 30 വർഷത്തിലേറെ യുണൈറ്റഡ് എയർ ലൈസൻസിൽ ടെക്‌നിക്കൽ ഓപ്പറേഷൻസ് ഡിപ്പാർട്മെന്റിൽ സീനിയർ മാനേജ്മെന്റ് അംഗമായി ജോലി ചെയ്‌തിരുന്നു.