ജമ്മു കശ്മീരിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ആദ്യമായി യോഗം ചേര്‍ന്ന് ഗുപ്കര്‍ സഖ്യം. ഫറൂഖ് അബ്ദുള്ളയുടെ ശ്രീനഗറിലെ വസതിയില്‍ വച്ചായിരുന്നു ഇന്ന് യോഗം ചേര്‍ന്നത്.
ജൂണ്‍ 29നായിരുന്നു സഖ്യം യോഗം ചേരാന്‍ തീരുമാനിച്ചതെങ്കിലും പിഡിപി നേതാവ് മെഹ്ബൂബ് മുഫ്തിയുടെ വ്യക്തിപരമായ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. ജൂണ്‍ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പീപിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലെറേഷന്‍ (ഗുപ്കര്‍ സഖ്യം) പങ്കെടുത്തിരുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് പ്രധാനമന്ത്രിയോട് താന്‍ തുറന്നുപറഞ്ഞതായി മെഹ്ബൂബ മുഫ്തി യോഗത്തിന് ശേഷം പ്രതികരിച്ചു. എം വൈ തരിഗാമിയും യോഗത്തില്‍ പങ്കെടുത്തു. അതേസമയം ഇന്നത്തെ യോഗം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.