20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിന് കാരണമായത് ചൈനീസ് സൈനികരുടെ “മുന്‍കൂട്ടി ആസൂത്രണം ചെയ്ത നടപടി”യാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയോട് ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.
അഭൂതപൂര്‍വമായ ഇപ്പോഴത്തെ സാഹചര്യം ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്നും വിദേശകാര്യ മന്ത്രി അടിവരയിട്ടു പറഞ്ഞു. ചൈന അതിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വിലയിരുത്തി തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും എസ്. ജയ്‌ശങ്കര്‍ പറഞ്ഞു.
“ഇരുപക്ഷവും കാര്യങ്ങള്‍ വഷളാകുന്നതരത്തില്‍ ഒരു നടപടിയും സ്വീകരിക്കില്ല, പകരം ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും അനുസരിച്ച് ശാന്തിയും സമാധാനവും ഉറപ്പുവരുത്തും.” എന്ന ധാരണയിലാണ് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന്റെയും ചൈനീസ് മന്ത്രി വാങ് യിടെയും സംഭാഷണം അവസാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.