അന്തരിച്ച ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യവുമായുള്ള സവിശേഷകരമായ ബന്ധം പറഞ്ഞ് ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്. ദേശീയ ചാമ്പ്യൻഷിപ്പിനുള്ള തൻ്റെ ചെസ് ടീം ‘മദ്രാസ് കോൾട്ട്സി’നെ 1983ൽ സ്പോൺസർ ചെയ്തത് എസ്പിബി ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആനന്ദിൻ്റെ ആദ്യ സ്പോൺസറായിരുന്നു എസ്പിബി. അന്ന് 14കാരനായ ആനന്ദ് ആ ചാമ്പ്യൻഷിപ്പോടെയാണ് ദേശീയ ശ്രദ്ധ നേടുന്നത്. വളരെ കഴിവുള്ള ഒരു പയ്യൻ സംഘത്തിലുണ്ടെന്ന് ഒരു സുഹൃത്തു വഴി അറിഞ്ഞ എസ്പിബി അന്ന് സ്പോൺസർഷിപ്പ് ഏറ്റെടുക്കുകയായിരുന്നു.
‘വളരെ മഹാനായ സിമ്പിളായ ആ മനുഷ്യൻ്റെ വേർപാടറിഞ്ഞ് വിഷമമായി. അദ്ദേഹമായിരുന്നു എൻ്റെ ആദ്യ സ്പോൺസർ. 1983ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ ഞങ്ങളുടെ ടീം ചെന്നൈ കോൾട്ട്സിനെ സ്പോൺസർ ചെയ്തത് അദ്ദേഹമായിരുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ, ഏറ്റവും നല്ല ആളുകളിൽ പെട്ട ഒരു മനുഷ്യൻ’- ട്വിറ്ററിൽ ആനന്ദ് കുറിച്ചു.
ഏതാനും വർഷങ്ങൾക്കു മുൻപ് എസ്പിബിയെ വിമാനത്താവളത്തിൽ വെച്ച് കണ്ടത് ആനന്ദിൻ്റെ ഭാര്യ അരുണ പറയുന്നു: “ആനന്ദ് അദ്ദേഹത്തിനെ സമീപിച്ച് സ്പോൺസർഷിപ്പിനെപ്പറ്റി പറഞ്ഞപ്പോൾ തനിക്കത് നന്നായി ഓർമ്മയുണ്ടെന്ന് എസ്പിബി പറഞ്ഞു. ഇരുവരും പലതവണ പലപ്പോഴായി കണ്ടിട്ടുണ്ട്. 83ൽ സ്പോൺസർ ആയിരുന്ന എസ്പിബി പുരസ്കാര ദാനച്ചടങ്ങിലും എത്തിയിരുന്നു.
സീ ടിവിയ്ക്ക് അല്പ കാലം മുൻപ് നൽകിയ അഭിമുഖത്തിൽ എസ്പിബി താൻ ആനന്ദിനെ സ്പോൺസർ ചെയ്ത വിവരം പറഞ്ഞിരുന്നു. ബ്ലാങ്ക് ചെക്ക് നൽകിയിട്ട് തുക എഴുതിയെടുത്തോളാൻ പറയുകയായിരുന്നു എസ്പിബി.
74 വയസ്സുകാരനായിരുന്ന എസ് പി ബാലസുബ്രഹ്മണ്യം ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് മരണപ്പെട്ടത്. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി 39000 ലധികം ഗാനങ്ങൾ പാടിയ ഗായകനാണ് എസ്പിബി.