കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശിക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരേ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

യുവജന കമ്മിഷൻ കൊണ്ട് യുവജനങ്ങൾക്ക് ഗുണമില്ലെന്ന ആക്ഷേപത്തിന് ഇതോടെ അറുതിയായെന്ന് രാഹുൽ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്‍റെ പരിഹാസം.

“യുവജന കമ്മീഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായി. ഈ ക്ഷാമ കാലത്തും കമ്മീഷൻ ചെയർപേഴ്സൺ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു, അതും മുൻകാല പ്രാബല്യത്തോടെ.

അതായത് നിയമിച്ച നാൾ മുതലുള്ളത്. ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ട്’-രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.