ലോക്ഡൗണില്‍ കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ നാളെ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ജില്ലാ അടിസ്ഥാനത്തിലാണ് നാളെ കടകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചര്‍ച്ചയിലെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാരികള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. അതേസമയം നാളെ ലോക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നാല്‍ നടപടിയുണ്ടാവുമെന്ന് കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയും വ്യക്തമാക്കി.
സംസ്ഥാനത്ത് ഒട്ടാകെ നാളെ കടകള്‍ തുറക്കാനാണ് വ്യാപരി വ്യവസായികളുടെ തീരുമാനം. പല മേഖലകളിലും സഹായം ലഭിക്കുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്ക് ഒന്നും കിട്ടിയിട്ടില്ലെന്നും അവര്‍ കളക്ടറോട് പറഞ്ഞു. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മിഠായി തെരുവില്‍ വ്യാപാരി വ്യവസായികളുടെ പ്രതിഷേധം നടത്തിയിരുന്നു. കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് നേരിട്ടത്.



