ഗൽവാൻ താഴ്വര തങ്ങളുടേതാണെന്നു ചൈന ആദ്യമായി അവകാശവാദമുന്നയിച്ചിരിക്കുന്നു. 1962-ലെ യുദ്ധത്തിൽ ആദ്യം ചീനപ്പട ഗൽവാനിലാണു കയറിയതെങ്കിലും ഇക്കാലമത്രയും അതിനു വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. അക്സായി ചിൻ കൈവശം വച്ചിരിക്കുന്ന ചൈന അതിന്റെ തെക്കുപടിഞ്ഞാറുള്ള ഗൽവാനിൽ സവിശേഷ ശ്രദ്ധ ചെലുത്തിയതുമില്ല.
ഇതിനു കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടെ മാറ്റം വന്നു. അത് രണ്ടവസരങ്ങളിലായി. ഒന്ന്: ഇന്ത്യ ഡർബുക്കിൽനിന്നു ഷിയോക്ക് വഴി ദൗളത്ത് ബെഗ് ഓൾഡിയിലേക്ക് പുതിയ റോഡ് (ഡിഎസ്ഡിബിഒ റോഡ്) പണിതു. രണ്ട്: അക്സായി ചിൻ വീണ്ടെടുക്കുമെന്നു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചു.
രണ്ടു ഭീഷണികൾ
രണ്ടും ചൈനയ്ക്ക് അപകടകാരികളായ നീക്കങ്ങളാണ്. ചൈനയുടെ തന്ത്രപ്രധാനമായ സൈനികനീക്കങ്ങൾക്കു ഡിഎസ്ഡിബിഒ റോഡ് ഭീഷണിയാണ്. അക്സായി ചിൻ ഇന്ത്യ തിരിച്ചുപിടിക്കുന്നതു ചൈനയ്ക്ക് ചിന്തിക്കാനുമാകില്ല.
ഇവിടെയാണു ഗൽവാൻ നദിയും ഗൽവാൻ താഴ്വരയും പ്രസക്തമാകുന്നത്. ഗൽവാൻ നദിയുടെ തെക്കേക്കരയിലൂടെ ചൈനയുടെ റോഡ് ഉണ്ട്. ചൈനീസ് സൈനിക പോസ്റ്റുകളും അവിടെയുണ്ട്. യഥാർഥ നിയന്ത്രണരേഖ(എൽഎസി)യ്ക്കു വടക്കാണിത്.
ഗൽവാൻ നദി വടക്കോട്ട് ചെല്ലുന്പോൾ ഇന്ത്യയും ചൈനയും ഇതുവരെ അംഗീകരിച്ചുപോന്ന നിയന്ത്രണരേഖ (എൽഎസി)യ്ക്കു തെക്കുപടിഞ്ഞാറാകും. അതായതു ചൈനീസ് അധീനതയിലുള്ള പ്രദേശത്തുനിന്നു മാറും. ഈ മേഖലയിലാണു തിങ്കളാഴ്ച രാത്രി ഇന്ത്യൻ സൈനികരെ ചൈനീസ് പട ആക്രമിച്ചത്.
ഇന്ത്യക്കു കൂച്ചുവിലങ്ങ്
ഗൽവാൻ മേഖല കൈപ്പിടിയിലാകുന്പോൾ ചൈന രണ്ടു കാര്യങ്ങൾ ഉറപ്പിക്കുന്നു. ഒന്ന്: ദൗളത്ത് ബെഗ് ഓൾഡിയിലേക്കുള്ള ഇന്ത്യയുടെ റോഡിനെ തങ്ങളുടെ നിരീക്ഷണത്തിലാക്കുന്നു. രണ്ട്: അക്സായി ചിനിലേക്ക് ഒരു പടനീക്കം നടത്താനുള്ള ഇന്ത്യയുടെ വഴി അടയ്ക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സൈനിക വിമാനത്താവളം പ്രവർത്തിക്കുന്നതു ദൗളത്ത് ബെഗ് ഓൾഡിയിലാണ്. ഈ താവളം തന്ത്രപ്രധാനമായ കാരക്കോറം ചുരത്തിനും ചൈനയിൽനിന്നു പാക്കിസ്ഥാനിലേക്കുള്ള കാരക്കോറം ഹൈവേക്കും മുകളിലാണ്. സിയാചിൻ ഹിമാനിയും അടുത്തുതന്നെ. സിയാചിൻ- കാരക്കോറം മേഖലയിലെ ഏതു നീക്കവും അറിയാനും നിരീക്ഷിക്കാനും ആവശ്യം വന്നാൽ തടയാനും കഴിയും.
255 കിലോമീറ്റർ നീളമുള്ള ഡിഎസ്ഡിബിഒ റോഡാണ് കാരക്കോറം വരെയുള്ള പ്രദേശത്തേക്കു കരമാർഗം നീങ്ങാനുള്ള ഇന്ത്യയുടെ ഏകവഴി.
വഴി രക്ഷിക്കാൻ
ഈ റോഡിൽനിന്നും അഞ്ചു കിലോമീറ്റർ മാത്രം അകലെ പട്രോൾ പോയിന്റ് 14-നടുത്താണ് ചൈനീസ് സേന വന്ന് ടെന്റടിച്ചതും നിരീക്ഷണ പോസ്റ്റ് സ്ഥാപിച്ചതും. സ്വാഭാവികമായും തന്ത്രപ്രധാനമായ പാത സംരക്ഷിക്കണമെങ്കിൽ ചൈനീസ് സാന്നിധ്യം അവിടെനിന്നു നീങ്ങണം. അതിനുള്ള ശ്രമത്തിലാണ് കേണൽ സന്തോഷ് ബാബുവിനും സംഘത്തിനും വീരമൃത്യു വരിക്കേണ്ടിവന്നത്.
ഈ റോഡിന്റെ പണി 2001-ൽ തുടങ്ങിയതാണ്. ഏറ്റവും ദുർഗമമായ പ്രദേശത്തുകൂടിയുള്ള നിർമാണം കഴിഞ്ഞ വർഷം പൂർത്തിയായി. ലഡാക്കിലും ഉത്തരാഖണ്ഡിലുംനിന്ന് ആ റോഡിലേക്ക് ഉപറോഡുകളും പണിയുന്നുണ്ട്.
തടാകവും സ്വന്തമാക്കാൻ
ഗൽവാൻ താഴ്വര പിടിച്ചാൽ പിന്നെ ചൈനയ്ക്കു ഭയക്കേണ്ടത് പാങ്ങോംഗ് തടാകക്കരയിലൂടെയുള്ള ആക്രമണങ്ങളാണ്. തടാകം മുഴുവൻ വരുതിയിലാക്കാൻ ഇത്തവണ ഉദ്യമിച്ചതിന്റെ കാരണവും ഇതുതന്നെ. നേരത്തേ തടാകത്തിന്റെ മൂന്നിൽ രണ്ടു ഭാഗമാണു ചൈന പിടിയിലാക്കിയിരുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് തടാകം ഇപ്പോൾ പൂർണമായും ചൈനീസ് നിയന്ത്രണത്തിലായി എന്നാണ്. തടാകത്തിന്റെ പരിസരത്തുകൂടി എട്ടു കിലോമീറ്ററോളം ഉള്ളിൽ കടക്കാൻ ചൈനയ്ക്കു കഴിഞ്ഞു. ഫിംഗർ നാല് എന്നു വിളിക്കുന്ന മുനന്പുവരെ ചൈനീസ് പിടിയിലാണ്. നേരത്തേ ഫിംഗർ എട്ടുവരെയായിരുന്നു ചൈനീസ് സാന്നിധ്യം.
ഗൽവാൻ താഴ്വരയ്ക്കും ദൗളത്ത് ബെഗ് ഓൾഡിക്കും ഇടയിലുള്ള ഡെപ്സാംഗ് ചുരവും ഇപ്പോൾ ചൈനീസ് കൈയേറ്റത്തിനിരയായി. ഇതിനു വടക്കുള്ള റാകി നല്ലയിൽ താവളമടിച്ചാണു 2013-ൽ ദൗളത്ത് ബെഗ് ഓൾഡിക്കു ചൈന ഭീഷണി ഉയർത്തിയത്. ഉത്തരാഖണ്ഡിലെ ഹർസിൽ മേഖലയിലും ചൈനീസ് സേന താവളമുറപ്പിച്ചു.