തിരുവനന്തപുരം: കാമുകനായ ഷാരോണിനെ കോളേജ് വിദ്യാർത്ഥിനി ഗ്രീഷ്മ ജൂസില്‍ വിഷം കലര്‍ത്തികൊടുത്ത് തന്ത്രപരമായി കൊലചെയ്‌ത കേസിലെ വിചാരണ കേരളത്തിൽ തന്നെ നടക്കും. കേരള പോലീസ് കുറ്റപത്രം നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. നേരത്തെ പ്രതികള്‍ കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കുറ്റപത്രം കേരളത്തില്‍ തന്നെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിയായ ഗ്രീഷ്‌മയെ അറസ്‌റ്റ് ചെയ്‌ത് 90 ദിവസം ആകുന്നതിനു മുമ്പുതന്നെ കുറ്റപത്രം നല്‍കാനാണ് പോലീസിന്റെ നീക്കം. കേസില്‍ കൊല്ലപ്പെട്ട ഷാരോണിൻ്റെ കാമുകി ഗ്രീഷ്‌മ ഒന്നാം പ്രതിയും ഗ്രീഷ്‌മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്.
പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ ഗ്രീഷ്‌മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളാണുള്ളത്. ഗ്രീഷ്മയെ വിവാഹം കഴിക്കാനിരുന്ന സെെനികനായ തമിഴ്നാട് സ്വദേശി സാക്ഷിവിസ്താരത്തിനായി നെയ്യാറ്റിൻകര കോടതിയിലെത്തും. കൊലയില്‍ നേരിട്ട് പങ്കില്ലങ്കിലും അമ്മാവനും അമ്മയ്‌ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെ സകലവിവരങ്ങളിലും അറിവായിരുന്നതിനാല്‍ തുല്യപങ്കെന്നുമാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഷാരോണിനെ ഗ്രീഷ്‌മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനു ശേഷമെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഷാരോണിനെ കൊലപ്പെടുത്താൻ ജ്യൂസ് ചലഞ്ച് തെരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ വ്യക്‌തമാക്കുന്നു. അഞ്ചു തവണ വധശ്രമം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ഗൂഗിള്‍ നോക്കിയാണ് ഷാരോണിനെ കൊല്ലാനുള്ള മാർഗ്ഗങ്ങൾ ഗ്രീഷ്മ കണ്ടുപിടിച്ചത്. ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്നുള്ള കാര്യവും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഗ്രീഷ്‌മയുടെ അമ്മയ്‌ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്നും വ്യക്‌തമാക്കുന്ന കുറ്റപത്രം ഈ മാസം 25 ന് മുമ്പ് നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരുടെയും പ്രണയകഥ വിവരക്കുന്ന രീതിയില്‍ തന്നെയാണ് ഡിവൈഎസ്‌പി എജെ. ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഗ്രീഷ്‌മയെ അറസ്‌റ്റ് ചെയ്‌ത് 90 ദിവസത്തിനു മുമ്പ് കുറ്റപത്രം നല്‍കും. കേസില്‍ സ്‌പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വിനീത് കുമാറിനെ നിയമിച്ചിട്ടുമുണ്ട്.
തമിഴ്‌നാട്ടുകാരനായ സൈനികൻ്റെ വിവാഹാലോചനയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മയെ പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സെെനികൻ്റെ വരവോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ചിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്‌മ തീരുമാനിക്കുകയായിരുന്നു. പ്രണയത്തിൽ നിന്നും പിൻമാറാൻ നിരവധി നുണക്കഥകൾ ഗ്രീഷ്മ ഷാരോണിനോടു പറഞ്ഞിരുന്നു. ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകള്‍ ഗ്രീഷ്മ ഉപയോഗിച്ചതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഷാരോണ്‍ പിന്മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതല്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. നെയ്യൂര്‍ ക്രിസ്‌റ്റ്യന്‍ കോളജില്‍ വച്ചായിരുന്നു ആദ്യ വധശ്രമം. കടയില്‍ നിന്നു വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയില്‍ 50 ഡോളോ ഗുളികകള്‍ പൊടിച്ച് കലര്‍ത്തി ക്രിസ്‌റ്റ്യന്‍ കോളജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് ഷാരോണിന് കുടിയ്‌ക്കാന്‍ നല്‍കി. കയ്‌പ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ട് ഷാരോണ്‍ രക്ഷപ്പെടുകയായിരുന്നു. കുഴിത്തുറ പഴയ പാലത്തില്‍ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നല്‍കി വധിക്കാന്‍ ശ്രമമുണ്ടായി.
ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കി ഷാരോണിനെ വകവരുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആയിരത്തിലേറെ തവണ ഗൂഗിളില്‍ തെരഞ്ഞാണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് ഗ്രീഷ്‌മയെത്തിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ ഗ്രീഷ്മ മനസ്സിയാക്കി. സ്വാഭാവിക മരണം പോലെ തോന്നാൻ വേണ്ടിയാണ് ഈ മാർഗ്ഗ, തിരഞ്ഞെടകുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. ത്രിപ്പരപ്പില്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഗ്രീഷ്‌മയും ഷാരോണും ഒരുമിച്ച് താമസിച്ച ഹോം സ്‌റ്റേയിൽ എത്തി പോലീസ് തെളിവെടുത്തിരുന്നു. മാത്രമല്ല ഇരുവരുടെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്‌ത ദൃശ്യങ്ങളും ശബ്‌ദങ്ങളും ഉള്‍പ്പെടെ വീണ്ടെടുത്ത ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.