ശ്രീലങ്കക്ക് എതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 373 എന്ന സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍, ശ്രീലങ്കയുടെ വാലറ്റം പൊരുതി നോക്കിയെങ്കിലും വിജയത്തിനടുത്ത് എത്താന്‍ സാധിച്ചില്ല. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് എടുക്കാനെ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ.
ആദ്യഘട്ടത്തില്‍ തന്നെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ലങ്കയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ആവിഷ്‌ക ഫെര്‍ണാണ്ടോ (5), കുശാല്‍ മെന്‍ഡിസ് (0), ചരിത് അസലങ്ക (23), ധനഞ്ജയ ഡി സില്‍വ (47) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീണത് ടീമിനെ പ്രതിരോധത്തിലാക്കി.
ടീം സ്‌കോര്‍ 19-ല്‍ നില്‍ക്കെ ഓപ്പണര്‍ അഞ്ച് റണ്‍സ് മാത്രം നേടിയആവിഷ്‌ക ഫെര്‍ണാണ്ടോയെ മുഹമ്മദ് സിറാജ് ഹാര്‍ദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ച് ഇന്ത്യ വിക്കറ്റ് വേട്ട ആരംഭിച്ചു.തുടര്‍ന്ന് വന്ന കുശാല്‍ മെന്‍ഡിസിനെ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് വീണ്ടും ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കി.
നാലാമനായി വന്ന ചരിത് അസലങ്കയെ കൂട്ടുപിടിച്ച് ഓപ്പണര്‍ പത്തും നിസ്സങ്ക ടീമിനെ രക്ഷിച്ചെടുക്കാന്‍ ശ്രമം ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തിയതിന് പിന്നാലെ 23 റണ്‍സെടുത്ത അസലങ്കയെ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈയ്യിലെത്തിച്ച് ഉമ്രാന്‍ മാലിക്ക് ഈ കൂട്ടുകെട്ടും കൂടാരം കയറ്റി. തുടര്‍ന്ന് ധനഞ്ജയ ഡി സില്‍വ ക്രീസിലെത്തിയതോടെ ലങ്കന്‍ ഇന്നിങ്സ് പതിയെ കരുത്താര്‍ജിച്ചു. ഇരുവരും 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
എന്നാല്‍ ടീം സ്‌കോര്‍ 136-ല്‍ നില്‍ക്കെ മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 40 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത സില്‍വയെ ഷമി രാഹുലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ലങ്ക വീണ്ടും പ്രതിരോധത്തിലായി. സില്‍വയ്ക്ക് പകരം നായകന്‍ ഡാസണ്‍ ശനക ക്രീസിലെത്തിലെത്തിയെങ്കിലും വലിയ ചലനം ഉണ്ടാക്കാനായില്ല.
വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ച്വറിയും നേടി. കരിയറിലെ 73ാം സെഞ്ച്വറിയാണ് വിരാട് കോഹ്ലി നേടിയത്. 80 പന്തുകളില്‍ നിന്ന് ഒരു സിക്‌സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെയായിരുന്നു സെഞ്ച്വറി നേട്ടം. ഈ സെഞ്ചുറിയോടെ ശ്രീലങ്കയ്ക്കെതിരേ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോഡ് കോഹ്ലി മറികടന്നു. ബംഗ്ലാദേശിനെതിരെ ഡിസംബര്‍ 10ന് നടന്ന മൂന്നാം ഏകദിനത്തിലും കോഹ്ലി മൂന്നക്കം കടന്നിരുന്നു.