കൊച്ചി: ഗുജറാത്തിലെ സൂറത്തിനേയും ഭാവ്നഗറിനേയും ബന്ധിപ്പിച്ചു കൊണ്ട് പുതുതായി ഉദ്ഘാടനം ചെയ്ത റോ-പാക്സ് ഫെറി സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന കമ്പനിയെന്ന സ്ഥാനം ഹോണ്ട ടു വീലേഴ്സ് കരസ്ഥമാക്കി. നവംബര്‍ എട്ടിന് പ്രധാനമന്ത്രി പുതിയ പാത ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ഹോണ്ട തങ്ങളുടെ ഇരുചക്ര വാഹനങ്ങളുടെ ആദ്യ കയറ്റി അയക്കല്‍ ഇതുവഴി നടത്തിയത്.
സൗത്ത് ഫാക്ടറിയില്‍ നിന്ന് സൗരാഷ്ട്ര മേഖലയിലേക്ക് വിതരണം നടത്താനുള്ള സമയവും ദൂരവും കുറക്കാന്‍ ഇതു സഹായിക്കും. മുന്‍പ് റോഡ് വഴി അയച്ചിരുന്നപ്പോള്‍ ഏഴു മുതല്‍ അഞ്ചു വരെ ദിവസങ്ങള്‍ എടുത്തിരുന്നതില്‍ രണ്ടു ദിവസത്തെ കുറവും ദൂരത്തിന്റെ കാര്യത്തില്‍ 465 കിലോമീറ്റര്‍ കുറവും ഇതിലൂടെ സാധ്യമാകും. വേഗതയേറിയതും ചെലവു കുറക്കുന്നതുമായ ഈ റോ-പാക്സ് ഫെറി സേവനം പരിസ്ഥിതി സൗഹാര്‍ദ്ദം കൂടിയാണ്.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനും ഇതു ഹോണ്ടയെ സഹായിക്കും. പുതുമകളും സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും വഴി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതോടൊപ്പം പരിസ്ഥിതി ആഘാതം കുറക്കാന്‍ കൂടിയാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടര്‍ യാദ് വേന്ദര്‍ സിങ് ഗുലേറിയ ചൂണ്ടിക്കാട്ടി. വികസിത രാഷ്ട്രങ്ങളില്‍ ഏറെ വിപുലമായി ഉപയോഗിക്കപ്പെടുന്നതാണ് റോ-പാക്സ് സേവനമെന്ന് ഇന്റിഗോ സീവേയ്സ് സിഇഒ ക്യാപ്റ്റന്‍ ഡി കെ മന്റാല്‍ ചൂണ്ടിക്കാട്ടി.