ഗാര്‍ഹികാവശ്യത്തിനുളള പാചക വാതക സിലിണ്ടറില്‍ അളവ് തൂക്ക തട്ടിപ്പ് ഇപ്പോഴും വ്യാപകം. സിലിണ്ടറിന് വില വര്‍ധിക്കുമ്ബോഴും കൃത്യമായ അളവില്‍ പാചകവാതക സിലിണ്ടറുകള്‍ നല്‍കാന്‍ കമ്ബനികളും ഏജന്‍സികളും തയാറാകുന്നില്ല. പരിശോധനകളും നടപടികളും കാര്യക്ഷമമല്ലാത്തതാണ് ക്രമക്കേടുകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ആക്ഷേപം.

30 കിലോ വേണ്ടയിടത്ത് വെറും 21 കിലോ മാത്രമാണ് ചില സിലിണ്ടറുകള്‍ക്കുള്ളത്. ഉറപ്പ് വരുത്താനായി ട്വന്റിഫോര്‍ ന്യൂസ് സംഘം മറ്റൊരു ത്രാസില്‍ വച്ചു കൂടി ഭാരം പരിശോധിച്ചപ്പോഴും സമാനമായ സ്ഥിതി കണ്ടെത്തി.

ഇനി കാലിയായ ഒരു സിലിണ്ടറിന്റെ ഭാരം കൂടി, 15 കിലോയും 700 ഗ്രാമും എന്നാണ് സിലിണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധനയിലും അതേ ഭാരം തന്നെ കണ്ടെത്തി. സിലിണ്ടറിന്റെ ഭാരം കുറച്ചു കഴിഞ്ഞാല്‍ 21 കിലോഭാരമുള്ള ഈ സിലിണ്ടറില്‍ പിന്നെ ശേഷിക്കുന്നത് കഷ്ടിച്ച്‌ ഏഴ് കിലോ പാചകവാതകം മാത്രം!!

സിലിണ്ടറിനുളളില്‍ 14 കിലോ 200 ഗ്രാം പാചക വാതകം ഉണ്ടായിരിക്കണം എന്നാണ് നിബന്ധന. അതായത് നിയമപ്രകാരം ലഭിക്കേണ്ട എല്‍പിജിയുടെ പകുതി പോലും ഉപഭോക്താവിന് ലഭിച്ചിട്ടില്ല. ഏജന്‍സിയില്‍ വിളിച്ച്‌ അന്വേഷിച്ചപ്പോഴുളള പ്രതികരണം നിരാശാജനകമെന്നും ഉപഭോക്താക്കളും പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ തുടര്‍ക്കഥയായിട്ടും പരിശോധനകള്‍ കാര്യക്ഷമം അല്ലെന്ന ആക്ഷേപം വ്യാപകമാണ്.