ഗസ്സയില്‍ തുടരുന്ന മനുഷ്യക്കുരുതിക്കിടെ സഹായഹസ്​തവുമായെത്തുന്ന അന്താരാഷ്​ട്ര സംഘങ്ങളുടെ വഴിമുടക്കി ഇസ്രായേല്‍. നരകയാതന അനുഭവിക്കുന്ന ഫലസ്​തീനികളെ സഹായിക്കാന്‍ മരുന്നും ഭക്ഷണവുമുള്‍പ്പെടെയുള്ള അടിയന്തര സാധനങ്ങളുമായി വരുന്ന ട്രക്കുകളുടെ വ്യൂഹം ഫലസ്​തീന്‍ അതിര്‍ത്തികടക്കാനിരിക്കെയാണ്​ റോഡ്​ അടച്ചത്​.

കരേം അബു സേലം വഴി ഗസ്സയിലേക്കുള്ള പ്രവേശന വഴിയാണ്​ ഇസ്രായേല്‍ നിഷ്​കരുണം അടച്ചത്​. സഹായം കൈമാറാന്‍ ഈ അതിര്‍ത്തി തുറന്നതായി​ ഇസ്രായേലിന്‍റെ അതിര്‍ത്തി സംരക്ഷണ വിഭാഗം (കോഗാറ്റ്) പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്​ അടുച്ചുപൂട്ടിയതയി പ്രഖ്യാപനം വന്നത്​. പ്രദേശത്ത് മോര്‍ട്ടാര്‍ ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന് നിസ്സാര​ പരിക്കേറ്റുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

കരേം അബു സേലം, ബൈത്ത്​ ഹനൂന്‍ അതിര്‍ത്തികള്‍ അടച്ചാല്‍​ ഗസ്സയുടെ സ്​ഥിതി ഗുരുതരമാകുമെന്നും ജനത വീര്‍പ്പുമുട്ടുമെന്നും​ നോര്‍വീജിയന്‍ അഭയാര്‍ത്ഥി സമിതിയിലെ മിഡില്‍ ഈസ്റ്റ്​ മാധ്യമ ഉപദേഷ്ടാവ് കാള്‍ സ്കിംബ്രി ‘അല്‍ ജസീറ’യോട് പറഞ്ഞു. ”ഇസ്രായേല്‍ അതിക്രമത്തില്‍ നരകിക്കുന്ന ജനങ്ങള്‍ക്ക്​ അവശ്യവസ്തുക്കളും മാനുഷിക സഹായവും ലഭ്യമാക്കേണ്ടത്​ അനിവാര്യമാണ്​. ഇത്​ സുരക്ഷിതമായി എത്തിക്കാനുള്ള മാര്‍ഗം ഇസ്രായേല്‍ ഉറപ്പ് നല്‍കണം”-അ​േദ്ദഹം പറഞ്ഞു.

”വെടിനിര്‍ത്തല്‍ നടപ്പാക്കുകയും മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യണം. സന്നദ്ധസംഘങ്ങള്‍ക്ക്​ ഗസ്സയില്‍ പ്രവേശിച്ച്‌​ സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഇത്​ അനിവാര്യമാണ്​. ബോംബ്​ വര്‍ഷം തുടരു​​േമ്ബാള്‍ സഹായവിതരണം സാധ്യമല്ല.” -സ്കിംബ്രി വ്യക്​തമാക്കി.

ഗസ്സയില്‍ ഒരാഴ്ച പിന്നിട്ട ഇസ്രയേല്‍ അക്രമത്തില്‍ 61 കുട്ടികള്‍ ഉള്‍പ്പെടെ 213 പേരാണ്​ ഇതിനകം മരിച്ചുവീണത്​. 1500 പേര്‍ക്ക്​ സാരമായി പരിക്കേറ്റു. 450 ഓളം കെട്ടിടങ്ങള്‍ തകര്‍ത്തു. 52,000 ത്തിലധികം ഫലസ്തീനികള്‍ ഭവനരഹിതരായി പലായനം ചെയ്തതായും ഐക്യരാഷ്ട്രയുടെ സഹായ ഏജന്‍സി അറിയിച്ചു.