ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയുമായി ഝാര്‍ഖണ്ഡില്‍ നിന്നും മധ്യപ്രദേശിലേക്ക് സ്കൂട്ടറില്‍ സഞ്ചരിച്ച്‌ യുവാവ്. ഭാര്യയുടെ പരീക്ഷയ്ക്കായാണ് 1300 കിലോമീറ്റര്‍ ദൂരം താണ്ടി ദമ്ബതികളുടെ ഈ സാഹസിക യാത്ര. ഝാര്‍ഖണ്ഡ്-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ഗോഡ സ്വദേശികളായ ധനഞ്ജയ് കുമാര്‍ മാഞ്ചിയും ഭാര്യ സോണി ഹേമ്ബ്രമനുമാണ് മഴയും വെയിലും എന്തിന് പ്രളയം പോലും അതിജീവിച്ച്‌ ഗ്വാളിയാറില്‍ ഡിപ്ലോമ ഇന്‍ എലമെന്‍ററി എഡ്യുക്കേഷന്‍ (DElEd) പരീക്ഷ കേന്ദ്രത്തിലെത്തിയത്.

എട്ടാം ക്ലാസ് വരെ പഠിച്ച്‌ മാഞ്ചിക്ക് ഭാര്യയെ അധ്യാപികയാക്കണമെന്നായിരുന്നു ആഗ്രഹം. ഒരു കാന്‍റീനില്‍ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായി കഴിഞ്ഞ കുറച്ചു മാസങ്ങളായി വെറുതെയിരിക്കുകയാണ്. തനിക്ക് പഠിക്കാന്‍ കഴിയാത്ത സങ്കടം ഉള്ളില്‍ സൂക്ഷിച്ചിരുന്ന മാഞ്ചി ഭാര്യയെ അധ്യാപികയാക്കണമെന്ന ദൃഢനിശ്ചയത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതാണ് കിലോമീറ്ററുകള്‍ നീണ്ട സാഹസിക യാത്രയ്ക്ക് ഇയാലെ പ്രേരിപ്പിച്ചതും. പണമില്ലാത്തതിനാല്‍ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റായിരുന്നു പെട്രോളിനും വഴിച്ചിലവിനുമുള്ള പണം കണ്ടെത്തിയത്.

പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് ബിഹാര്‍, യുപി അടക്കമുള്ള ജില്ലകള്‍ കടന്നാണ് ഇവര്‍ മധ്യപ്രദേശിലെ ഗ്വാളിയാറിലെത്തിയത്. ഏഴ് മാസം ഗര്‍ഭിണിയായ ഒരു യുവതിയുമൊത്തുള്ള യാത്ര എത്രമാത്രം പ്രയാസകരമാണെന്ന് ഇവര്‍ പറയാതെ തന്നെ വ്യക്തം. കനത്ത മഴ ചിലയിടങ്ങളില്‍ വച്ച്‌ യാത്ര മുടക്കിയെങ്കിലും ബീഹാറില്‍ വില്ലനായത് പ്രളയമായിരുന്നു എന്നാണ് ധനഞ്ജയ് പറയുന്നത്. സോണിക്കായിരുന്നു കൂടുതല്‍ ബുദ്ധിമുട്ട്.

‘ചില അവസരങ്ങളില്‍ പാദങ്ങള്‍ അവിടെയുണ്ടെന്ന് പോലും അറിയാന്‍ സാധിച്ചിരുന്നില്ല. മുതുകിനും ഇടുപ്പിനും വയറിനുമൊക്കെ കടുത്ത വേദനയും പലപ്പോഴും അനുഭവിച്ചു’. എങ്കിലും ഭര്‍ത്താവിന്‍റെ നിശ്ചയദാര്‍ഢ്യം തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നാണ് ഈ യുവതി പറയുന്നത്. ഭര്‍ത്താവിനെ വാനോളം പ്രശംസിക്കുന്ന ഇവര്‍ അദ്ദേഹത്തിന്‍റെ ആഗ്ര‌ഹം പോലെ അധ്യാപികയാവുക എന്നതാണ് തന്‍റെ സ്വപ്നമെന്നും പറയുന്നു.