കൊച്ചി: നയതന്ത്ര ചാനലിലൂടെ വിമാനത്താവളത്തിലെത്തിയ മതഗ്രന്ഥങ്ങള്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് കൊണ്ടു പോയ വാഹന ഉടമയെയും ഡ്രൈവറെയും കൊച്ചിയില്‍ വിളിച്ചു വരുത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്തു. മന്ത്രി കെ.ടി. ജലീലിനെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നാണു വിവരം. ഇന്നലെ രാവിലെ 10 മുതലാണ് ലോറി ഉടമയെയും ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തത്. എന്തൊക്കെ വസ്തുക്കളാണ് പാഴ്സലുകളില്‍ ഉണ്ടായിരുന്നത്, എവിടേക്കാണ് ഇവ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് ഇവരോടു ചോദിച്ചത്. പാഴ്സലില്‍ എന്തായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്ന് ഇരുവരും മൊഴി നല്കി.
കോണ്‍സുലേറ്റില്‍ നിന്ന് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിലെത്തി കവറുകള്‍ കൈപ്പറ്റിയത്. ബോക്സുകള്‍ കോണ്‍സുലേറ്റില്‍ ഇറക്കി മടങ്ങിയെന്നും ഇരുവരും വ്യക്തമാക്കി. മന്ത്രി ചെയര്‍മാനായ സി ആപ്റ്റിന്റെ വാഹനങ്ങള്‍ ഉപയോഗിച്ചാണ് മതഗ്രന്ഥങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടു പോയതെന്നു കസ്റ്റംസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. സി ആപ്റ്റിന്റെ ഉദ്യോഗസ്ഥരെയും കസ്റ്റംസ് വൈകാതെ ചോദ്യം ചെയ്യും. യുഎഇ കോണ്സലേറ്റിലേക്കു കൊണ്ടുവന്ന 17,000 കിലോഗ്രാം ഈന്തപ്പഴത്തെക്കുറിച്ചും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.