ദോഹ: ഖത്തര്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള അഞ്ചു ശൈത്യകാല പച്ചക്കറി ചന്തകള്‍ ഒക്ടോബർ 29 മുതൽ പ്രവർത്തനം തുടങ്ങും. അൽ ഷഹാനിയ, അൽ മസ്‌റൂഹ്, അൽ വക്ര, അൽ സക്കിറ, അൽ ഷമാൽ എന്നിവിടങ്ങളിലാണ് എല്ലാ വര്‍ഷവും പച്ചക്കറിച്ചന്തകള്‍ തുറക്കുന്നത്. ഖത്തറിലെ കൃഷിയിടങ്ങളില്‍ നിന്നു വിളവെടുക്കുന്ന പച്ചക്കറികളാണ് ചന്തകളിലേക്ക് എത്തുക. വിഷപ്രയോഗമില്ലാതെ വളര്‍ത്തുന്ന ബയോഫ്രഷ് പച്ചക്കറികള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണെന്നതാണ് ഈ ചന്തകളുടെ സവിശേഷത. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഏഴു മുതൽ വൈകിട്ട് നാല് വരെയാണ് ചന്തകൾ പ്രവർത്തിക്കുക.

മികച്ച പച്ചക്കറികള്‍ ലഭിക്കാന്‍ രാവിലെ തന്നെ ചന്തകളിലെത്തുന്നതാണ് നല്ലത്. മേയ് ആദ്യവാരം വരെ ഇവ പ്രവര്‍ത്തനം തുടരും. പച്ചക്കറി മാര്‍ക്കറ്റ് എന്നാണു പേരെങ്കിലും കോഴി, കാട, പ്രാവ് തുടങ്ങിയവയും ഇവിടെ ലഭ്യമാണ്. മുന്തിയ ഇനം തേന്‍, പച്ചക്കറികൃഷിക്കും പൂന്തോട്ടം ഒരുക്കാനും ആവശ്യമായ ചകരിച്ചോര്‍ മുതല്‍ വിത്തും വളവും മറ്റു സാമഗ്രികളും പൂച്ചെടിത്തൈകളും ലഭിക്കും. ഇടനിലക്കാരില്ലാതെയാണ് ചന്തകളുടെ പ്രവര്‍ത്തനം.