കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
മാതാ പേരാമ്പ്ര എന്ന കലാസംഘടനയാണ് ദൃശ്യാവിഷ്കാരം അവതരിപ്പിച്ചത്. സൈനികര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുന്നതും ഒരു തീവ്രവാദിയെ സൈനികര്‍ കീഴ്പ്പെടുത്തുന്നതുമായ രംഗമാണ് അവതരിപ്പിച്ചത്. ഇതില്‍ തീവ്രവാദിയായ യുവാവ് മുസ്ലിം വേഷധാരിയായതാണ് വിവാദമായത്. ഇടതുപക്ഷ സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണ് ഇതെന്ന് വിര്ശനമുയര്ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കുകയും ചെയ്തു.
മാതാ പേരാമ്പ്രയുടെ കലാസംഘത്തെ ഇനി കലോത്സവത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ദൃശ്യാവിഷ്കാരം റിഹേഴ്സല്‍ വേളയില്‍ റിസപ്ഷന് കമ്മിറ്റി കണ്ടിരുന്നതാണ്. ഡ്രസ് റിഹേഴ്സല്‍ ആയിരുന്നില്ല അത്.