മലപ്പുറം: ജിദ്ദയില്‍നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിദ്ദയില്‍നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കരുവാരകുണ്ട് സ്വദേശി മുനീഷിനെയാണ് 1.162 കിലോഗ്രാം സ്വർണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് പോലീസ് പിടികൂടിയത്.
1.162 കിലോ സ്വണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുനീഷിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം നിഷേധിച്ചു. തുടർന്ന് ഇയാളെ എക്സ് റേ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് നാല് ക്യാപ്സൂളുകൾ കണ്ടെത്തിയത്. മുനീഷിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.