തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ നടത്തുന്ന വിവാഹച്ചടങ്ങില്‍ പരമാവധി 20 പേര്‍മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. വിവാഹങ്ങളില്‍ 50 പേരെ പങ്കെടുപ്പിക്കാന്‍ സര്‍ക്കാരിന്റെ ഇളവുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കാനും 20 പേരെ അനുവദിച്ചാല്‍ മതിയെന്ന് ബോര്‍ഡ് തീരുമാനിച്ചു.

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെങ്കിലും നിത്യപൂജകളുണ്ട്. വിശ്വാസികളുടെ ആവശ്യം കണക്കിലെടുത്താണ് പത്തുപേരെമാത്രം പങ്കെടുപ്പിച്ച്‌ വിവാഹം നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. വധൂവരന്മാരും മാതാപിതാക്കളും ഏറ്റവുമടുത്ത ബന്ധുക്കളും എത്തേണ്ടതിനാല്‍ ഇത് അപ്രായോഗികമാണെന്ന് ബോര്‍ഡ് വിലയിരുത്തി. ഇതോടെയാണ് പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആക്കുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ക്ഷേത്രങ്ങളുടെ ഭാഗമായുള്ള ഓഡിറ്റോറിയങ്ങള്‍ സദ്യ നടത്താനോ ആള്‍ക്കൂട്ടമില്ലെങ്കിലും മറ്റുചടങ്ങുകള്‍ക്കോ നല്‍കില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ജീവനക്കാര്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. മിക്ക ഓഫീസുകളിലും ജീവനക്കാര്‍ കുറവായതിനാല്‍, 50 ശതമാനം മതിയെന്ന നിര്‍ദേശം അതേപടി ദേവസ്വംബോര്‍ഡില്‍ നടപ്പാക്കാനാവില്ല. പകരം, പരമാവധി ആള്‍ക്കാരെ കുറച്ച്‌ അത്യാവശ്യജീവനക്കാരുടെ എണ്ണം അതത് ഓഫീസ് മേധാവികള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കി.