കൊച്ചി: ക്വാറികളുടെ ദൂരപരിധി വര്‍ധിപ്പിച്ച്‌ ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ സംസ്ഥാനത്തു രണ്ടാഴ്ചത്തേക്കു തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി ജനവാസമേഖലയില്‍ നിന്ന് 200 മീറ്റര്‍ ആക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ആണ് ഹൈക്കോടതി മരവിപ്പിച്ചത്. തല്‍സ്ഥിതി തുടരാന്‍ ഇടക്കാല ഉത്തരവിട്ട കോടതി കേസ് ഇന്ന്‍ വീണ്ടും പരിഗണിക്കും. ജനവാസ മേഖലയില്‍ നിന്നും ക്വാറികളുടെ ദൂപ പരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ വടകരയിലെ ക്വാറി ഉടമയാണ്ഹൈകോടതിയെ സമീപിച്ചത്.

ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. 50 മീറ്റര്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് ട്രൈബ്യൂണല്‍ ഉത്തരവെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ അഡീഷണല്‍ അഡ്വേക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്ബാന്‍ അറിയിച്ചു. ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. 100 മുതല്‍ 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. സര്‍ക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.