കൊച്ചി : സംസ്ഥാനത്തെ ജയിലുകള്‍ കോവിഡ് 19 ഭീഷണിയിലാണെന്നും ഏഴു തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ നാലു സബ് ജയിലുകള്‍ അടച്ചിട്ടെന്നും അഡ്വക്കറ്റ് ജനറല്‍ മുഖേന ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഹൈക്കോടതിയില്‍ അറിയിച്ചു . തിരുവനന്തപുരം, നെയ്യാറ്റിന്‍കര, ആലത്തൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്പെഷല്‍ സബ് ജയിലുകളാണ് കോവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചത് .
റിമാന്‍ഡ് പ്രതികളെ കോവിഡ് ടെസ്റ്റ് നടത്തിയാണ് ജയിലില്‍ പ്രവേശിപ്പിക്കുന്നത് . ഇതിനായി ഓരോ ജില്ലയിലും ജയിലില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ടെസ്റ്റ് സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. ഓരോ ദിവസവും 50 മുതല്‍ 70 വരെ തടവുകാരെ പരിശോധനയ്ക്കു വിധേയരാക്കും. 50 പേരുടെ ഫലമാണ് ദിവസവും ലഭിക്കുന്നത് . 250 തടവുകാരുടെ ഫലം ലഭിക്കാനുണ്ട് . ഈ സാഹചര്യത്തില്‍ പരോള്‍ കാലാവധി ഒരു മാസംകൂടി നീട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടങ്കിലും 15 ദിവസത്തേക്കാണു നീട്ടിയതെന്നും കത്തില്‍ പറയുന്നു.
വിയ്യൂര്‍ സബ് ജയിലിലെ അസി. പ്രിസണ്‍ ഓഫീസര്‍ കോവിഡ് ബാധയെത്തുടര്‍ന്ന് പാലക്കാട്ട് ചികിത്സയിലാണ് . ഏഴു വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട റിമാന്‍ഡ് തടവുകാര്‍ക്ക് ജാമ്യം നല്‍കണമെന്ന ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന് 690 റിമാന്‍ഡ് തടവുകാരെ ജാമ്യത്തില്‍ വിട്ടു .1039 പേരെ പരോളിലും വിട്ടു. ഇവരെല്ലാം തിരിച്ചെത്തുന്നതോടെ ജയിലുകളില്‍ ആളകലം പാലിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും കോവിഡ് പ്രതിരോധം പാളുമെന്ന ആശങ്കയുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇടക്കാല ഉത്തരവുകളുടെയും ജാമ്യ ഉത്തരവുകളുടെയും കാലാവധി ഓഗസ്റ്റ് മൂന്നു വരെ നീട്ടി കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.