ഫിലഡല്‍ഫിയ∙ കോവിഡ് വാക്സീനേഷന്‍റെ ഷോട്ടുകള്‍ കിട്ടിയശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ തരുന്ന രേഖകള്‍ പാസ്പോര്‍ട്ട് സൂക്ഷിക്കുന്ന ഗൗരവത്തോടെ സുരക്ഷിതമായി പരിരക്ഷിക്കണം. വിദേശയാത്രകള്‍ അടക്കം മിക്ക ദൂരയാത്രകളിലും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശാരീരിക ശക്തി നേടിയതായും രോഗബാധിതനല്ലായെന്നുമുള്ള ഏക സര്‍ട്ടിഫിക്കറ്റ് വാക്സീന്‍ റിക്കാര്‍ഡ് ആണ്. ഈ മാരകരോഗം ലോകജനതയെ വ്യാപകമായി ഏകാന്തതയിലും ഭീതിയിലും ഉപരിയായി സാമ്പത്തിക ക്ലേശങ്ങളിലേക്കും നിര്‍ദാരുണ്യം എത്തിച്ചു.

യൂറോപ്യന്‍ യൂണിയനും പല ഏഷ്യന്‍ രാജ്യങ്ങളും വന്‍നഷ്ടങ്ങള്‍ അനുദിനം അനുഭവിക്കുന്ന വിമാന കമ്പനികളേയും ഹോട്ടല്‍ ഇന്‍ഡസ്ട്രിയടക്കം ടൂറിസം മേഖലയേയും ഉയര്‍ത്തണമെന്ന ഉത്തമ ഉദ്ദേശത്തോടെ കോവിഡ് വാക്സീന്‍ പാസ്പോര്‍ട്ട് നിര്‍മ്മിതി ആരംഭിക്കാനുള്ള സന്നാഹങ്ങള്‍ തുടങ്ങി. അന്തര്‍ദേശീയ യാത്രകളോടൊപ്പം കായിക കലാമൂല്യങ്ങളിലും പിന്‍കാല പ്രാബല്യത്തോടെയുള്ള വർധനവ് പ്രതീക്ഷിക്കുന്നു. വാക്സീനേഷന്‍ പാസ്പോര്‍ട്ടിന്‍റെ പ്രാഥമിക തുടക്കമായി സര്‍ക്കാര്‍ തലത്തില്‍ അംഗീകരിച്ച ഇലക്ട്രോണിക്ക് ഇമ്മ്യൂണൈസേഷന്‍ റിക്കാര്‍ഡ് ഉണ്ടായിരിക്കണം. വിദേശയാത്ര സുഗമമാക്കുവാന്‍വേണ്ടി യൂറോപ്യന്‍ യൂണിയനും ചൈനയും ജപ്പാനും ഡിജിറ്റല്‍ വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. വിദേശയാത്ര സൗകര്യങ്ങള്‍ ലഘൂകരിക്കാൻ വേണ്ടി വാക്സീനേഷന്‍ ഷോട്ട് കിട്ടിയവര്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്‍റ് പ്രത്യേക ആപ്പ് സംവിധാനം കഴിഞ്ഞ ആഴ്ചയില്‍ ആരംഭിച്ചു.

കൊറോണ വൈറസ് ടെസ്റ്റ് നടത്തിയതിന്‍റെ ഫലങ്ങളും കോവിഡ് 19 രോഗാവസ്ഥയില്‍ നിന്നും പരിപൂര്‍ണ്ണമായും ഭേദമായതിന്‍റെ വിവരങ്ങളും അടങ്ങുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റിനു വേണ്ടിയുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ നടത്തുന്നു. 27 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനുകളിലെ യാത്രയ്ക്കും പുതുതായി രൂപം എടുക്കുന്ന സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണ്. യാത്രക്കാരുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്പില്‍ ക്രമേണ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തുമ്പോള്‍ ക്യൂആര്‍ കോഡ് വിമാനത്താവളത്തിലോ റയില്‍വേ സ്റ്റേഷനിലോ സ്കാന്‍ ചെയ്യുമ്പോള്‍ ഡേറ്റാ ബെയ്സില്‍നിന്നും വാക്സീനേഷന്‍ വിവരം പൂര്‍ണ്ണമായി കിട്ടും.

ആഗോള തലത്തിലുള്ള എല്ലാ യാത്രാവിമാനങ്ങളുടെയും യാത്രാസംവിധാനങ്ങളുടെയും നിയമനിര്‍മ്മാണങ്ങളും നിയന്ത്രണങ്ങളും യഥോചിതം ആവിഷ്ക്കരിക്കുന്ന ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസ്സോസിയേഷന്‍റെ സ്മാര്‍ട്ട് ഫോണില്‍ ഐഎറ്റിഎ. ട്രാവല്‍ പാസ്സ് സംവിധാനത്തില്‍ എമിറേറ്റ്സും ബ്രിട്ടീഷ് എയര്‍വേയും അടക്കം പല മേജര്‍ എയര്‍ലൈന്‍സും അംഗങ്ങള്‍ ആകുവാന്‍ ആരംഭിച്ചു. യാത്രക്കാര്‍ എത്തിച്ചേരുന്ന രാജ്യങ്ങളിലും വാക്സീനേഷന്‍ വിവരങ്ങള്‍ എത്തിയിട്ടുണ്ടോ എന്ന അന്വേഷണവും യാത്രാരംഭത്തിന് മുന്‍പായി ഐഎറ്റിഎ. ട്രാവല്‍ പാസ്സ് സംവിധാനമുള്ള സ്മാര്‍ട്ട് ഫോണില്‍നിന്നും മനസ്സിലാക്കുവാന്‍ സാധിക്കും. ട്രാവല്‍ പാസ്സും കോമണ്‍ പാസ്സും ഉള്ള സംവിധാനം ഇപ്പോള്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കുമാത്രമെയുള്ളൂ. ക്രമേണ എല്ലാ യാത്രകള്‍ക്കും സൗകര്യപ്രദമായ ഈ സംവിധാനം സമീപഭാവിയില്‍ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

ജൂണ്‍മാസം അവസാനം സ്പെയിനിലെ ബാര്‍സലോണായില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ടെലികോം ട്രെയ്ഡ് ഷോയില്‍ ബ്രിട്ടീഷ് പബ്ലിക്ക് റിലേഷന്‍സ് എക്സീക്യൂട്ടീവ് റിച്ചാര്‍ഡ് ഫോഗ് വാക്സീന്‍ പാസ്പോര്‍ട്ടിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചുള്ള പ്രതിഭാഷണം നടത്തുമെന്ന പ്രത്യാശയിലാണ്.

1980 മേയ് 8നു വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഭീകരരൂപിണിയായ വസൂരി രോഗത്തെ നിശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്തതായി പ്രസ്താവിച്ചതു പോലെ സമീപ ഭാവിയില്‍തന്നെ മുഖകവചം നീക്കി സ്വതന്ത്രജീവിതത്തില്‍ എത്തുമെന്ന് പ്രതീക്ഷിയ്ക്കാം. 1972-ല്‍ പരിപൂര്‍ണ്ണമായി വസൂരിരോഗം അമേരിയ്ക്കയില്‍ ഉന്മൂലനം ചെയ്തശേഷം കാര്യക്രമമായി ലഭിച്ചിരുന്ന വസൂരി വാക്സീനും നിറുത്തല്‍ ചെയ്തതുപോലെ സകല ലോകരാജ്യങ്ങളില്‍നിന്നും കോവിഡ് -19 മഹാമാരി മറയുമ്പോള്‍ സാമൂഹ്യ അകലവും സാനിറ്റൈസറും വാക്സീന്‍ കിട്ടുവാന്‍ വേണ്ടിയുള്ള നെട്ടോട്ടവും എല്ലാം ഓര്‍മ്മയില്‍ മാത്രം നിലകൊള്ളും. 1975-ല്‍ ഇന്ത്യന്‍ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ അവസാന വസൂരിരോഗി അന്ത്യശ്വാസം വലിച്ചു വസൂരി ഭീകരതകള്‍ നിറഞ്ഞ അധ്യായങ്ങള്‍ അടച്ചു. കുട്ടികളില്‍ കൂടുതലായും കണ്ടിരുന്ന പോളിയോ മെലിറ്റിസ് സാംക്രമിക രോഗവും 2011 ജനുവരിയില്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമായി.