തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒന്നരമാസമായി ചികിത്സയില്‍ കഴിയവേ മരിച്ച വൈദികന് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് ആശുപത്രികളിലായി 19 ഡോക്ടര്‍മാരും 13 ജീവനക്കാരും നിരീക്ഷണത്തില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ 10 പേരും പേരൂര്‍ക്കട ആശുപത്രിയിലേയും ഒമ്ബതു പേരുമാണ് നിരീക്ഷണത്തില്‍ ആയത്. കൂടാതെ, പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടയ്ക്കുകയും ചെയ്തു. 43 ദിവസം രണ്ട് ആശുപത്രികളിലുമായി ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന് ആശുപത്രിയില്‍ കൂട്ടിരുന്ന മകനും മകളുടെ മകനും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.
ബൈക്കില്‍ പിന്നിലിരുന്ന് യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ട നാലാഞ്ചിറ സ്വദേശിയായ ഫാദര്‍ കെ ജി വര്‍ഗീസ് (77) മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പേരൂര്‍ക്കട ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഏപ്രില്‍ 20-നാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നിന്നും പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ ന്യൂറോ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ജൂണ്‍ രണ്ടിന് രാവിലെയോടെ മരിച്ചു. ഉച്ചയ്ക്കാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു കൊണ്ടുള്ള ഫലം വന്നത്.
മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് കഴുത്തില്‍ ട്യൂബ് ഇട്ടു. തലയിലെ പരിക്ക് ഭേദമായതിനെ തുടര്‍ന്ന് മെയ് 20 ഓടെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മെയ് 30-ന് വീണ്ടും മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പാളയത്ത് ഒരു വൈദികന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തശേഷം ഒരു ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് വാങ്ങിയാണ് അദ്ദേഹം കയറിയത്. ബൈക്ക് ഹമ്ബില്‍ കയറിയപ്പോള്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് അദ്ദേഹം തെറിച്ചുവീണാണ് അപകടമുണ്ടായത്.