ന്യൂഡല്‍ഹി: സ്വകാര്യ ലാബുകളില്‍ സൗജന്യ കൊവിഡ് പരിശോധന എല്ലാവര്‍ക്കും നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീം കോടതി പുതിയ ഉത്തരവിറക്കി. ഇതോടെ സ്വകാര്യ ലാബുകള്‍ക്ക് പരിശോധനക്ക് ഫീസ് ഈടാക്കാനാകും.
സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചെലവ് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഈ സാഹചര്യത്തില്‍ പരിശോധനാ സൗകര്യം ആര്‍ക്കൊക്കെ സൗജനമായി ലഭ്യമാക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കോവിഡ് 19 പരിശോധനയ്ക്ക് ഐ.സി.എം.ആര്‍ നിശ്ചയിച്ചിട്ടുള്ള തുകയായ 4500 രൂപ സ്വകാര്യലാബുകള്‍ക്ക് ഈടാക്കാം. സ്വകാര്യ ലാബുകളും സൗജന്യമായി പരിശോധന നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ഐ.സി.എം.ആര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മറ്റേതെങ്കിലും വിഭാഗങ്ങള്‍ക്ക് സൗജന്യ പരിശോധന നല്‍കാമോയെന്ന കാര്യം കേന്ദ്ര സര്‍ക്കാറിന് പരിഗണിക്കാം. ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
രാജ്യത്തെ മുഴുവന്‍ ലാബുകളിലും കോവിഡ് പരിശോധന പൂര്‍ണമായും സൗജന്യമാക്കി ഏപ്രില്‍ എട്ടിനാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍, സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചെലവ് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിക്കുകയായിരുന്നു.
ഐ.സി.എം.ആര്‍ അംഗീകരിച്ച 151 ലാബുകളാണ് നിലവില്‍ രാജ്യത്ത് കൊവിഡ് 19 പരിശോധന നടത്തുന്നത്. സ്വകാര്യ ലാബുകളൊന്നും ഇതുവരെ പരിശോധന തുടങ്ങിയിട്ടില്ല. ഏപ്രില്‍ പത്തുവരെയുള്ള 16,564 സാമ്ബിളുകളും സര്‍ക്കാര്‍ ലാബുകളിലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.