സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശ് ആണ് മരിച്ചത്. രാവിലെ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശി ഉണ്ണിയെന്നായാളും മരിച്ചിരുന്നു. ഇദ്ദേഹത്തിന് പിന്നാലെയാണ് മുരുകേശന്റെയും മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവാരാണ് ആത്മഹത്യ ചെയ്ത രണ്ടുപേരും. കോവിഡ് ബാധയുണ്ടെന്ന് സംശയിച്ച്‌ ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ മുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ മരിച്ച ആനാട് സ്വദേശിയേപ്പോലെതന്നെ ഇയാളും മദ്യാസക്തിയുള്ള ആളായിരുന്നു എന്നാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആനാട് സ്വദേശി ഉണ്ണി (33) തൂങ്ങിമരിച്ചത്. ഐസൊലേഷന്‍ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ഇയാളെ ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. നേരത്തെ ഇയാള്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിപോകുകയും കെഎസ്‌ആര്‍ടിസിയില്‍ കയറി സ്വന്തം നാട്ടിലെത്തുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇയാളെ തിരികെ വാര്‍ഡില്‍ എത്തിച്ചത്.