പ്രയാഗ്‌രാജ്: ഗംഗാ ജലത്തില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യമില്ലെന്ന് പഠന റിപ്പോര്‍ട്ട്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയും ലക്‌നൗവിലെ വാരണാസി ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസും ചേര്‍ന്നാണ് പഠനം നടത്തിയത്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സമയത്ത് പോലും ഗംഗാ ജലത്തില്‍ വൈറസ് സാന്നിധ്യമില്ലെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലക്‌നൗവിലെ ഗോമതി നദിയില്‍ ഉള്‍പ്പെടെ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസ് തന്നെയാണ് ഗോമതി നദിയിലെ ജലത്തിലെ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഗംഗാ നദിയില്‍ കോവിഡ് ബാധിതരുടെ മൃതദേഹം ഒഴുക്കിയതിന് പിന്നാലെ വ്യാപക ആശങ്ക പടര്‍ന്നിരുന്നു. തുടര്‍ന്നാണ് ഗംഗാ നദിയിലെ ജലം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
മെയ് 15 മുതല്‍ ജൂലൈ 3 വരെ ഏഴ് ആഴ്ചയില്‍ സംഘം ഗംഗാ നദിയിലെ ജല സാംപിള്‍ ശേഖരിച്ച്‌ പരിശോധന വിധേയമാക്കിയിരുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി ആര്‍എന്‍എ വേര്‍തിരിച്ച്‌ നടത്തിയ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ശേഖരിച്ച ഒരു സാംപിളില്‍ പോലും കൊറോണ വൈറസിന്റെ ആര്‍എന്‍എ കണ്ടെത്തിയില്ലെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.