ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,110 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഒറ്റദിവസം രോഗമുക്തരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പ്രതിദിന പരിശോധനകളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ജൂലൈ ആദ്യ വാരത്തില്‍ രാജ്യത്തെ പ്രതിദിന രോഗമുക്തരുടെ എണ്ണം ശരാശരി 15,000 ആയിരുന്നു. എന്നാല്‍ ഓഗസ്റ്റ് ആദ്യ വാരമായപ്പോഴേക്കും ഇത് 50,000 എന്ന നിലയിലേക്കുയര്‍ന്നു. കൂടുതല്‍ പേര്‍ ആശുപത്രി വിട്ടതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 16,39,599 ആയി. രോഗമുക്തിനിരക്ക് 70.38% ആയും വര്‍ധിച്ചിട്ടുണ്ട്.

രാജ്യത്താകെ രോഗം സ്ഥിരീകരിച്ചവരുടെ 27.64% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത് (6,43,948). രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ പത്തുലക്ഷത്തോളം അധികമായും വര്‍ധിച്ചു