തിരുവനന്തപുരം: കോവിഡ് മരണ കണക്ക് പുനപരിശോധിക്കണമെന്ന ആവശ്യത്തില്‍ ധനസഹായം സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം വന്ന ശേഷം തീരുമാനിക്കാമെന്ന നിലപാടില്‍ സംസ്ഥാനം. മരണം സംബന്ധിച്ച്‌ ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ രണ്ടായിരത്തോളം മരണമെങ്കിലും സര്‍ക്കാരിന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഇതുവരെ 13,359 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണനിരക്ക് ഇതിലും കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ജൂണ്‍ 15ന് ശേഷം ജില്ലാതലത്തില്‍ പട്ടിക തയ്യാറാക്കാന്‍ ആരംഭിച്ചതോടെ കൂടുതല്‍ മരണം സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അതിന് മുന്‍പ് ഒഴിവാക്കപ്പെട്ട മരണങ്ങളുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യം. ആരുടെയെങ്കിലും പേര് പട്ടികയില്‍ നിന്നും വിട്ടുപോയിട്ടുണ്ടെങ്കില്‍ പുനപരിശോധനക്ക് തയ്യാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മരണനിരക്ക് അപൂര്‍ണമെന്ന വിമര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താനും ആലോചിക്കുന്നുണ്ട്.