പുണെ : പുണെയില്‍ കോവിഡ് ബാധിച്ച്‌ രണ്ടു മലയാളികള്‍കൂടി മരിച്ചു . ഭോസരിയില്‍ താമസിക്കുന്ന അടൂര്‍ ഏഴംകുളം സ്വദേശി റോയ് തോമസ് (52), കാലേവാഡിയില്‍ താമസിക്കുന്ന വര്‍ഗീസ് കൊച്ചപ്പന്‍ ഇമ്മട്ടി (74) എന്നിവരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

ഭോസരി ആദിനാഥ് നഗര്‍ സുഖ്‌വാണി ഭാഗില്‍ താമസിച്ചിരുന്ന റോയ് തോമസ് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു . ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പിംപ്രി ഡി.വൈ.പാട്ടീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോയ് ചൊവ്വാഴ്ച വൈകീട്ട് മരിച്ചു . ഭാര്യ: ഷീല. മക്കള്‍: റോഷന്‍, ഷെറിന്‍.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കാലേവാഡി ഗ്ലോബല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന വര്‍ഗീസ് ബുധനാഴ്ച രാവിലെയാണ് മരിക്കുന്നത് . കഴിഞ്ഞ 14 ദിവസം ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് രണ്ടുതവണ പ്ലാസ്മ തൊറാപ്പി പരീക്ഷിച്ചിരുന്നു . കാലേവാഡി വിജയനഗറില്‍ അല്‍ഫോണ്‍സാ പാരഡൈസിലായിരുന്നു താമസം. തൃശ്ശൂര്‍ ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ ഇമ്മട്ടി ഹൗസ് കുടുംബാംഗമാണ് . ഭാര്യ: ലില്ലി വര്‍ഗീസ്. മക്കള്‍: ലിസ ഡൊമനിക് ആളൂര്‍, ലീന ജെയിംസ്. മരുമക്കള്‍: ഡൊമനിക് ആളൂര്‍, ജെയിംസ് മാത്യു പരുത്തിപ്പള്ളില്‍.